രാഷ്ട്രീയ വിമർശനങ്ങളെ തടയാനാകില്ല; രാഘവ് ചദ്ദയോട് ഡൽഹി ഹൈകോടതി

ന്യൂഡൽഹി: ബി.ജെ.പി എം.പി രാഘവ് ചദ്ദക്കെതിരെയുളള രാഷ്ട്രീയ വിമർശനങ്ങളെ തടയാനാകില്ലെന്ന് വ്യക്തിത്വ അവകാശ ഹരജിയിൽ ഡൽഹി ഹൈകോടതി. രാഷ്ട്രീയക്കാരെ ലക്ഷ്യമിട്ടുള്ള പൊതുവിമർശനങ്ങൾ, പരിഹാസങ്ങൾ, രാഷ്ട്രീയ കാർട്ടൂണുകൾ എന്നിവ ഇഷ്ടപ്പെടാത്തതാണെന്ന കാരണത്താൽ മാത്രം തടയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ഹരജിയിൽ അടിയന്തര ഇടക്കാല ആശ്വാസം നൽകാനും കോടതി വിസമ്മതിച്ചു.

ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് അധ്യക്ഷനായ ബെഞ്ച്, ചദ്ദയുടെ രാഷ്ട്രീയ തീരുമാനങ്ങളെച്ചൊല്ലിയുള്ള ഓൺലൈൻ വിമർശനങ്ങളാണ് കേസിലെ ഉള്ളടക്കമെന്നും, അതിനെ വ്യക്തിത്വാവകാശ ലംഘനമായി കാണാനാകില്ലെന്നും വ്യക്തമാക്കി. “അപകീർത്തിയും വിമർശനവും തമ്മിൽ വളരെ ചെറുതായൊരു അതിരാണ് ഉള്ളത്” എന്നും കോടതി നിരീക്ഷിച്ചു. 

ആം ആദ്മി പാർട്ടിയിൽ നിന്ന് ബി.ജെ.പിയിലേക്ക് മാറിയതിന് ശേഷം രാഘവ് ചദ്ദക്ക് വലിയ രീതിയിലുള്ള ഓൺലൈൻ വിമർശനങ്ങളും ട്രോളുകളും എ.ഐ നിർമ്മിത വ്യാജ വീഡിയോകളും നേരിടേണ്ടി വന്നിരുന്നു. ഇതിന്റെ ഭാഗമായി തന്റെ ചിത്രം, ശബ്ദം, വ്യക്തിത്വം എന്നിവ എ.ഐ ഡീപ്ഫേക്ക്, മോർഫ് ചെയ്ത ദൃശ്യങ്ങൾ, കെട്ടിച്ചമച്ച ഉള്ളടക്കം എന്നിവ വഴി ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ചായിരുന്നു രാഘവ് ചദ്ദ കോടതിയെ സമീപിച്ചത്.

ഓൺലൈനിൽ പ്രചരിക്കുന്ന ഉള്ളടക്കങ്ങൾ വെറും രാഷ്ട്രീയ വിമർശനമല്ലെന്നും അവ വ്യക്തിഹത്യയുടെ പരിധിയിൽ വരുന്നതാണെന്നും രാഘവ് ചദ്ദക്ക് വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയിൽ വാദിച്ചു.താൻ പണത്തിന് വേണ്ടി സ്വയം വിറ്റുപോയി എന്ന രീതിയിലാണ് ചില പോസ്റ്റുകൾ ചിത്രീകരിക്കുന്നതെന്നും ഇത് ഒരു വ്യക്തിയുടെ അന്തസ്സിനെയും പ്രശസ്തിയെയും മോശമായി ബാധിക്കുന്നതാണെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി.

 എന്നാൽ കോടതി, ഇക്കാര്യങ്ങൾ വ്യക്തിത്വാവകാശ കേസിനേക്കാൾ അപകീർത്തി നിയമത്തിന്റെ പരിധിയിലായിരിക്കാമെന്ന് സൂചിപ്പിക്കുകയും ആവശ്യമെങ്കിൽ അപകീർത്തിപ്പെടുത്തൽ കേസ് ഫയൽ ചെയ്യാമെന്നും കോടതി നിർദേശിച്ചു. 

Tags:    
News Summary - Political criticism cannot be stopped, Delhi HC tells Raghav Chadha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.