തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊല; എസ്‌.ഐയെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു

ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പൂരിൽ എസ്‌.ഐയെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു. തിരുപ്പൂർ സ്വദേശിയായ മണികണ്ഠൻ എന്നയാളാണ് മരിച്ചത്. അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ പൊലീസിനെ ആക്രമിച്ചെന്നും വെടിയുതിർക്കേണ്ടി വന്നെന്നുമാണ് പൊലീസിന്റെ വാദം. ഒരു പൊലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.ഐയെ വെടിവെച്ച കേസിൽ മറ്റ് രണ്ട് പ്രതികൾ ഇന്നലെ കീഴടങ്ങിയിരുന്നു.

ചൊവ്വാഴ്ച അർധരാത്രിയാണ് തമിഴ്നാട് പൊലീസ് സ്പെഷ്യൽ എസ്‌.ഐ ഷണ്മുഖ സുന്ദരം കൊല്ലപ്പെട്ടത്. എം.എൽ.എയുടെ ഫാംഹൗസിൽ നടന്ന കുടുംബ തർക്കം അന്വേഷിക്കാനെത്തിയതായിരുന്നു ഷണ്മുഖ സുന്ദരം. എ.ഐ.എ.ഡി.എം.കെ എം.എൽ.എ സി. മഹേന്ദ്രന്റെ ഉടമസ്ഥതയിൽ തിരുപ്പൂർ ജില്ലയിലെ ഗുഡിമംഗലത്തുള്ള ഫാമിൽ വെച്ചാണ് ചൊവ്വാഴ്ച രാത്രി കൊലപാതകമുണ്ടായത്. ഗുഡിമംഗലത്തിനടുത്തുള്ള മൂങ്ങിൽതൊഴുവിൽ താമസിക്കുന്ന മൂർത്തി, മക്കളായ മണികണ്ഠൻ, തങ്കപാണ്ടി എന്നിവരാണ് പ്രതികൾ.

എം.എൽ.എയുടെ ഫാമിലാണ് മൂർത്തി കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ മൂർത്തിയും മകൻ തങ്കപാണ്ടിയും തമ്മിൽ മദ്യപിക്കുന്നതിനിടെ തർക്കമുണ്ടായി. തുടർന്ന് തങ്കപാണ്ടി അച്ഛനെ ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. കുടുംബാംഗങ്ങൾ വിവരം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് സ്പെഷ്യൽ എസ്‌ഐ ഷൺമുഖസുന്ദരവും കോൺസ്റ്റബിൾ അഴഗുരാജയും സ്ഥലത്തെത്തി.

മൂർത്തിയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ, മൂർത്തിയുടെ മൂത്ത മകൻ മണികണ്ഠൻ ഷൺമുഖ സുന്ദരത്തെ അരിവാൾകൊണ്ട് ആക്രമിച്ചു. കഴുത്തിന് ഗുരുത പരിക്കേറ്റ ഷൺമുഖ സുന്ദരം സംഭവസ്ഥലത്തു തന്നെ മരിച്ചു. കോൺസ്റ്റബിൾ അഴഗുരാജയെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു.

Tags:    
News Summary - Police shoot dead suspect in SI stabbing case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.