വിജയ് എത്താൻ വൈകിയത് ദുരന്തകാരണമായി; കൂടുതൽ ആളുകളെത്തിയതും പ്രതിസന്ധിയായെന്ന് ഡി.ജി.പി

ചെന്നൈ: കരൂരിലെ ടി.വി.കെ പരിപാടിയിലേക്ക് പ്രതീക്ഷിച്ചതിലേറെ ആളുകൾ എത്തിയെന്ന് തമിഴ്നാട് ഡി.ജി.പിയുടെ ചുമതലയിലുള്ള ജി.വെങ്കിട്ടരാമൻ. മണിക്കൂറുകളാണ് ഭക്ഷണവും വെള്ളവുമില്ലാതെ ആളുകൾ വിജയിക്കായി കാത്തുനിന്നത്. വിജയ് വേദിയിലേക്ക് എത്താൻ വൈകിയതും ദുരന്തത്തിന്റെ കാരണമായെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് മണി മുതൽ പത്ത് മണി വരെയാണ് യോഗം നടത്താൻ അനുമതിയുണ്ടായിരുന്നത്. എന്നാൽ, 11 മണിയോടെ തന്നെ ആളുകൾ യോഗസ്ഥലത്തേക്ക് എത്തി. എന്നാൽ, വേദിയിലേക്ക് വിജയ് എത്തിയത്. അവിടെയെത്തിയ ആളുകളു​ടെ അത്രയും ​പൊലീസി​നെ വിന്യസിക്കാനാവില്ല. വിജയ് തന്നെ പൊലീസിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാൽ, പാർട്ടി പ്രവർത്തകരുടെ നടപടികളിൽ അദ്ദേഹത്തിന് തൃപ്തിയുണ്ടായിരുന്നില്ലെന്നും ഡി.ജി.പി പറഞ്ഞു.

ഇതിന് മുമ്പ് വിജയ് നടത്തിയ പരിപാടികളിൽ ഇത്രത്തോളം ആളുകളുണ്ടായിരുന്നില്ല. പതിനായിരത്തോളം പേരെയാണ് കരൂരിൽ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, 27,000 പേർ പരിപാടിക്കെത്തിയെന്നാണ് കണക്കാക്കുന്നതെന്നും ഡി.ജി.പി പറഞ്ഞു. ടി.വി.കെയിലെ പ്രമുഖ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ, വിജയിക്കെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനമായിട്ടില്ല.

നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് നടത്തുന്ന റാലിയിൽ തിക്കിലും തിരക്കിലും ആറ് കുട്ടികളടക്കം 39 പേരാണ് മരിച്ചത്. 14 സ്ത്രീകളും ഒമ്പത് പുരുഷന്മാരും മരിച്ചു. ഇതിൽ നിരവധിപേർ അതീവ ഗുരുതരാവസ്ഥയിലാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത. കരൂരിലെ വേലുസ്വാമിപുരത്ത് ശനിയാഴ്ച രാത്രി നടന്ന വമ്പൻ റാലിക്കിടെയാണ് അപകടമുണ്ടായത്.

നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണ്. പലരും കുഴഞ്ഞ് വീഴുകയായിരുന്നു. കുട്ടികളെയടക്കം ഉടൻ കരൂർ മെഡിക്കൽ കോളജടക്കമുള്ള ആശുപത്രികളിലെത്തിച്ചു. വിജയ് സംസാരിക്കുമ്പോൾ മൈതാനത്തുണ്ടായിരുന്ന ചിലർ ബോധരഹിതരായി വീഴുകയായിരുന്നു. പിന്നാലെയാണ് ദുരന്തമുണ്ടായത്. തുടർന്ന് വിജയ് പ്രസംഗം നിർത്തി, രക്ഷാപ്രവർത്തനത്തിന് പൊലീസിന്റെ സഹായം തേടി. വെള്ളക്കുപ്പികൾ എറിഞ്ഞുകൊടുക്കുന്നതും കാണാമായിരുന്നു.

Tags:    
News Summary - "Earlier rallies of TVK had smaller crowds, but this time turnout was far higher than expected": DGP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.