ലഖ്നോ: ബോളിവുഡ് താരം സൽമാൻ ഖാൻ വധശ്രമകേസിൽ അടക്കം അന്വേഷണം നേരിടുന്ന കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ പ്രധാനിയായ ഷാർപ് ഷൂട്ടര്‍ നവീന്‍ കുമാര്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
ഉത്തർ പ്രദേശ് ഹാപൂരിലെ കോട്‌വാലി പോലീസ് സ്റ്റേഷൻ പരിസരത്ത് യു.പി സ്‌പെഷൽ ടാസ്ക് ഫോഴ്സും ഡൽഹി പൊലീസ് സ്‌പെഷൽ സെല്ലും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്. കൊലപാതകം, മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം എന്നിവയുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട നവീന്‍ കുമാറെന്ന് പൊലീസ് അറിയിച്ചു.
ബുധനാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിൽ നവീന്‍ കുമാറിന് ഗുരുതരമായി പരിക്കേറ്റതായും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായും പ്രത്യേക ദൗത്യസേന എ.ഡി.ജി.പി അമിതാഭ് യാഷ് പ്രസ്താവനയില്‍ പറഞ്ഞു. ഗാസിയാബാദ് ജില്ലയിലെ ലോണിയില്‍ താമസിക്കുന്ന നവീന്‍ കുമാര്‍, ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ ഷാര്‍പ്പ്ഷൂട്ടറായിരുന്നു.
സംഘാംഗമായ ഹാഷിം ബാബയുമായി ഇയാൾ അടുത്ത് പ്രവര്‍ത്തിച്ചിരുന്നയാളായിരുന്നുവെന്ന് എ.ഡി.ജി.പി പറഞ്ഞു. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, മക്കോക്ക എന്നിവയുള്‍പ്പെടെ 20 ഓളം കേസുകള്‍ കുമാറിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.