അര്‍ഷ്ദീപിനെ പിന്തുണച്ച് ട്വീറ്റ്; മുഹമ്മദ് സുബൈറിനെതിരെ വ്യാജ പരാതി നല്‍കി ബി.ജെ.പി നേതാവ്

ന്യൂഡല്‍ഹി: ക്രിക്കറ്റര്‍ അര്‍ഷ്ദീപ് സിങ്ങിനെതിയിരേയും സിഖ് വിഭാഗത്തിനെതിരേയും വിദ്വേഷം പ്രചചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ വ്യാജ പരാതി നല്‍കി ബി.ജെ.പി നേതാവ്. മന്‍ജിന്ദര്‍ സിങ് സിര്‍സയാണ് സുബൈറിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

ഞായറാഴ്ച ദുബൈയില്‍ നടന്ന ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്ഥാന്‍ ബാറ്ററായ ആസിഫ് അലി നല്‍കിയ ക്യാച്ച് അവസരം അര്‍ഷ്ദീപ് സിങ് പാഴാക്കിയിരുന്നു. ഇതിന് പിന്നാലെ അര്‍ഷ്ദീപ് സിങ്ങിനെതിരെ സൈബര്‍ അറ്റാക്കും ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി. ഒരു ക്യാച്ച് പാഴായതിന്റെ പേരില്‍ മാത്രം അര്‍ഷ്ദീപ് സിങ്ങിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരായാണ് സുബൈര്‍ ട്വീറ്റ് പങ്കുവെച്ചത്. വിവിധ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വന്ന വിദ്വേഷ പ്രചരണങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ചേര്‍ത്തായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

എന്നാല്‍ ഇതിനെ വളച്ചൊടിച്ചാണ് ബി.ജെ.പി നേതാവിന്റെ പരാതി.അര്‍ഷ്ദീപ് സിങ്ങിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റ് പങ്കുവെച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. സുബൈര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അര്‍ഷ്ദീപിനെതിരെ പങ്കുവെച്ച ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. ഇതില്‍ മിക്ക പോസ്റ്റുകളും പാകിസ്ഥാനി അക്കൗണ്ടുകളില്‍ നിന്നുള്ളതാണെന്നും ദേശദ്രോഹികളുടെ നിര്‍ദേശപ്രകാരമാണ് സുബൈര്‍ പ്രവര്‍ത്തിച്ചതെന്നും ബി.ജെ.പി നേതാവ് പരാതിയില്‍ ആരോപിച്ചു.


ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ പാകിസ്താനെതിരെ ഇന്ത്യ തോൽവി വഴങ്ങിയതിനു പിന്നാലെ കടുത്ത സൈബർ ആക്രമണമാണ് ഇന്ത്യൻ ബോളർ അർഷ്ദീപ് സിങ്ങിനെതിരെ സമൂഹമാധ്യമങ്ങളിൽ അരങ്ങേറിയത്. മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ താരം വിട്ടു കളഞ്ഞ ക്യാച്ചാണ് രോഷത്തിന് കാരണം.

18ാം ഓവറിലാണ് ആസിഫ് അലിയുടെ അനായാസ ക്യാച്ച് മിസാക്കിയത്. ആസിഫിന്‍റെ വിക്കറ്റ് കിട്ടിയിരുന്നെങ്കിൽ കളി ജയിക്കുമായിരുന്നു എന്നതാണ് ഇവരുടെ വാദം. മത്സരത്തിൽ അഞ്ചു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. സമൂഹമാധ്യമങ്ങളിലെ ട്വീറ്റുകൾ വായിച്ച് താൻ ചിരിക്കുകയാണെന്നാണ് താരം രക്ഷിതാക്കളോട് വെളിപ്പെടുത്തിയത്.

'എല്ലാ വിമർശനങ്ങളും ചിരിയോടെയാണ് കാണുന്നത്. ഈ ട്വീറ്റുകളും സന്ദേശങ്ങളും വായിച്ച് ചിരിക്കുകയാണ്. ഞാൻ അതിൽനിന്ന് പോസിറ്റീവ് വശങ്ങൾ മാത്രം സ്വീകരിക്കും. ഈ സംഭവം എനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകി'-അർഷ്ദീപ് പറഞ്ഞതായി പിതാവ് ദർശൻ അർഷ്ദീപ് മാധ്യമങ്ങളോട് പറഞ്ഞു.

ടീമിലെ സഹതാരങ്ങളെല്ലാം പിന്തുണക്കുന്നതായി മകൻ പറഞ്ഞതായി അർഷ്ദീപിന്‍റെ മാതാവ് ബൽജീത് അറിയിച്ചു. 'ഒരു രക്ഷിതാവ് എന്ന നിലയിൽ, ഇത് വളരെ വേദനിപ്പിക്കുന്നതാണ്. അദ്ദേഹത്തിന് 23 വയസ്സ് മാത്രമാണ് പ്രായം. ട്രോളുകളെ കുറിച്ച് കൂടുതലൊന്നും പറയാനില്ല. എല്ലാവരുടെയും വായ അടക്കാൻ പറ്റില്ല. ആരാധകരില്ലാതെ കളിയില്ല. എന്ത് വന്നാലും കൂടെ നിൽക്കുന്ന ചിലരുണ്ട്, ഒരു നഷ്ടം പോലും ദഹിക്കാൻ പറ്റാത്തവരുമുണ്ട്. എന്നാൽ ദിവസാവസാനം ഒരു ടീമിന് മാത്രമേ വിജയിക്കാനാകൂ' -അർഷ്ദീപിന്‍റെ പിതാവ് ദർശൻ പറഞ്ഞു.

Tags:    
News Summary - Police complaint against Alt News's Zubair over tweets on Arshdeep Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.