മുംബൈ: ഫൈസ് അഹമ്മദ് ഫൈസിന്‍റെ വിഖ്യാത കവിത ‘ഹം ദേഖേംഗേ...’ ഒരു പരിപാടിയിൽ ചൊല്ലിയതിന് സാമൂഹിക പ്രവർത്തക പുഷ്പ വീര സതിദാറിനും മറ്റ് രണ്ട് പേർക്കുമെതിരെ മഹാരാഷ്ട്ര പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി. ഇന്ത്യയുടെ പരമാധികാരത്തിന് ഭീഷണി ഉയർത്തുന്ന വരികൾ അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ചാണ് കുറ്റം ചുമത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച, പുഷ്പ വീര സതിദാർ നാഗ്പൂരിൽ, ജാതി വിരുദ്ധ പ്രസ്ഥാനത്തിന്റെ ശക്തനായ പിന്തുണക്കാരനായിരുന്ന അന്തരിച്ച ഭർത്താവ് വീര സതിദാറിന്‍റെ സ്മരണയ്ക്കായി സാംസ്കാരിക പരിപാടി നടത്തിയിരുന്നു. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിയിൽ കവിതാ പാരായണങ്ങളും നാടകങ്ങളും അരങ്ങേറിയിരുന്നു.
‘ഇന്ത്യൻ സായുധ സേന പാകിസ്താൻ സൈന്യത്തിനെതിരെ ധീരമായി പോരാടുമ്പോൾ, ഒരു കൂട്ടം ഗായകർ ഒരു പാകിസ്താനി എഴുതിയ കവിത ആലപിക്കാൻ താൽപര്യം കാണിച്ചു’ എന്നാരോപിച്ച് ഹിന്ദുത്വ പ്രവർത്തകനായ ദത്താത്രേ ഷിർക്കെ എന്നയാൾ പരാതി നൽകുകയായിരുന്നു.
കവി, പത്രപ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു വീര സതിദാർ. 2014ൽ പുറത്തിറങ്ങിയ ‘കോർട്ട്’ എന്ന ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയിരുന്നു അദ്ദേഹം. 2016-ൽ ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു ഈ ചിത്രം. 2021-ൽ അദ്ദേഹം അന്തരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.