ടിപ്പു, സവർക്കർ ചിത്രങ്ങളെ ചൊല്ലി തർക്കം: സംഘ്പരിവാർ, എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ

ബംഗളൂരു: സ്വാതന്ത്ര്യ സമരസേനാനികളുടെ ചിത്രപ്രദർശനത്തിനിടെ ടിപ്പു സുൽത്താന്റെ ചിത്രം നശിപ്പിച്ച കേസിൽ മൂന്ന് സംഘ്പരിവാറു​കാരെയും സവർക്കറുടെ ചിത്രം നീക്കാൻ ആവശ്യ​പ്പെട്ട കേസിൽ ഒരു എസ്.ഡി.പി.ഐ പ്രവർത്തകനെയും കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയ മഹിമയെ അപകീര്‍ത്തിപ്പെടുത്തുന്നത് തടയുന്നതിനുള്ള 1971ലെ നിയമവും (Prevention of Insults to National Honour Act 1971), മതവികാരം വ്രണപ്പെടുത്തൽ നിയമവും പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.

75ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഹഡ്‌സൺ സർക്കിളിൽ കോൺഗ്രസ് പ്രദർശിപ്പിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ ഫോട്ടോകളിൽനിന്നാണ് ടിപ്പുവിന്റെ ഫോട്ടോ സം​ഘ്പരിവാറുകാർ നശിപ്പിച്ചത്.

കോൺഗ്രസ് പ്രവർത്തകൻ ബി മഞ്ജുനാഥാണ് പരാതി നൽകിയത്. ടിപ്പു സുൽത്താന്റെയും ദേശീയ പതാകയുടെയും ചിത്രങ്ങളുള്ള ഫ്‌ളക്‌സ് ബാനറുകൾ ചിലർ വലിച്ചുകീറിയതായി അദ്ദേഹം പരാതിയിൽ പറഞ്ഞു. സംഭവത്തിൽ സംഘ്പരിവാറുകാരായ പുനീത് കേരെഹള്ളിയെയും കൂട്ടാളികളെയും ഹലസുർഗേറ്റ് പൊലീസ് അറസ്റ്റ് ചെയ്തു.

ശിവമൊഗ്ഗയിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങളുടെ കൂട്ടത്തിൽ സവർക്കറുടെ ഫോട്ടോ പ്രദർശിപ്പിക്കുന്നത് തടയാൻ ശ്രമിച്ചതിനാണ് എസ്.ഡി.പി.ഐ പ്രവർത്തകൻ എം ഡി ആസിഫ് പിടിയിലായത്. ശിവമോഗ മഹാനഗര പാലികെ ഡെപ്യൂട്ടി കമ്മീഷണർ എച്ച്.പി പ്രമോദിന്റെ പരാതിയിലാണ് നടപടി. സവർക്കറുടെ ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ ആസിഫ് എതിർപ്പ് ഉന്നയിക്കുകയും സ്വാതന്ത്ര്യ സമര സേനാനികളായ മുസ്ലിംകളുടെയും ചിത്രം സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് കേസ്. സിറ്റി സെന്റർ മാളിലായിരുന്നു സംഭവം.

അതിനിടെ, സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽനിന്ന് ജവഹർലാൽ നെഹ്റുവിനെയും മൈസൂരു ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താനെയും ഒഴിവാക്കി, സവർക്കർക്ക് ഇടം നൽകിയ കർണാടക സർക്കാറിന്റെ പരസ്യം വിവാദമായിരുന്നു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നൽകിയ പത്ര പരസ്യത്തിൽ നെഹ്റുവിനെയും ടിപ്പുവിനെയും ഒഴിവാക്കിയത്.

പ്രമുഖ പത്രങ്ങളിലെല്ലാം ഞായറാഴ്ചയാണ് പരസ്യം നൽകിയത്. സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം വെച്ചുള്ള പരസ്യത്തിൽ മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, സർദാർ വല്ലഭായ് പട്ടേൽ, ലാൽ ബഹദൂർ ശാസ്ത്രി, ബാലഗംഗാധര തിലകൻ, ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ് തുടങ്ങിയവരുടെ ചിത്രങ്ങൾക്കൊപ്പം സവർക്കറുടെ ചിത്രവും നൽകി.

സർക്കാർ നടപടിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തുവന്നു. ഈ അൽപത്തരത്തെ നെഹ്റു അതിജീവിക്കുമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു. 

Tags:    
News Summary - Karnataka Police arrest hindutva, SDPI activists amid row over Tipu Sultan, Savarkar images

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.