മെഹുൽ ചോക്സി

വായ്പാ തട്ടിപ്പ് കേസ്: മെഹുൽ ചോക്സിയുടെ 2,500 കോടിയുടെ സ്വത്ത് ലേലം ചെയ്യും

ന്യൂഡൽഹി: വായ്പാ തട്ടിപ്പിലൂടെ പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 13,000 കോടിരൂപ തട്ടിയെടുത്ത വ്യവസായി മെഹുൽ ചോക്സിയുടെ പേരിലുള്ള സ്വത്തുക്കൾ ലേലം ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറിയിച്ചു. ഇ.ഡി കണ്ടുകെട്ടിയ 2,500 കോടിയുടെ സ്വത്തുക്കളാണ് കള്ളപ്പണം തടയൽ നിയമപ്രകാരം ലേലം ചെയ്യുന്നത്.

ചോക്‌സിക്കെതിരായ കേസിൽ 2,565.90 കോടി രൂപയുടെ സ്വത്തുക്കളാണ് ഇതുവരെ ഇ.ഡി കണ്ടുകെട്ടിയത്. ഈ വസ്തുവകകൾ ലേലം ചെയ്ത ശേഷം, വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന തുക പഞ്ചാബ് നാഷണൽ ബാങ്കിലും (പി.എൻ.ബി) ഐ.സി.ഐ.സി.ഐ ബാങ്കിലും നിക്ഷേപിക്കും. 2018ൽ ഇന്ത്യ വിട്ട ചോക്‌സി നിലവിൽ ആന്റിഗ്വയിലാണ് താമസിക്കുന്നത്.

പി.എൻ.ബിയുടെ ബ്രാഡി ഹൗസ് ശാഖയിൽ വായ്പാ തട്ടിപ്പ് നടത്തിയതിന് ചോക്‌സി, ചോക്‌സിയുടെ അനന്തരവൻ, വജ്രവ്യാപാരി നീരവ് മോദി എന്നിവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ജീവനക്കാർക്കും ബാങ്ക് ഉദ്യോഗസ്ഥർക്കും മറ്റുള്ളവർക്കുമെതിരെ 2018ൽ ഇ.ഡിയും സി.ബി.ഐയും കേസെടുത്തിരുന്നു. ഇതുവരെ മൂന്ന് കുറ്റപത്രങ്ങളാണ് ചോക്സിക്കെതിരെ അന്വേഷണ ഏജൻസി സമർപ്പിച്ചത്.

നീരവ് മോദിയും വിദേശത്തേക്ക് കടന്നിരുന്നു. ഇ.ഡിയുടെയും സി.ബി.ഐയുടെയും അഭ്യർഥന മാനിച്ച യു.കെ, 2019ൽ നീരവ് മോദിയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ച് ലണ്ടനിലെ ജയിലിലടച്ചു. ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട നിയമനടപടികൾ പുരോഗമിക്കുകയാണ്.

Tags:    
News Summary - PNB Fraud: Mehul Choksi's Assets Worth Over Rs 2500 Crore To Be Auctioned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.