ബംഗളൂരു: കർണാടകയിൽ ബി.ജെ.പി പ്രസിഡൻറ് അമിത് ഷാക്ക് പിന്നാലെ പരിഭാഷകനും നാക്കുപിഴ. തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ അമിത് ഷായുടെ പ്രസംഗം ഹിന്ദിയിൽനിന്ന് കന്നടയിലേക്ക് പരിഭാഷപ്പെടുത്തിയ ബി.ജെ.പി എം.പി പ്രഹ്ലാദ് ജോഷിക്കാണ് നാക്കുപിഴച്ചത്.
നരേന്ദ്രമോദി പാവങ്ങൾക്കും ദലിതർക്കും വേണ്ടി ഒന്നും ചെയ്യില്ല. അദ്ദേഹം രാജ്യെത്ത നശിപ്പിക്കും. മോദിക്ക് വേണ്ടി വോട്ട് ചെയ്യൂ എന്നായിരുന്നു അമിത് ഷായുടെ പ്രസംഗത്തിന് പ്രഹ്ലാദ് നൽകിയ കന്നട പരിഭാഷ.
എന്നാൽ, കർണാടകയുടെ വികസനം സിദ്ധരാമയ്യ സർക്കാറിന് നടപ്പിലാക്കാനായില്ല. സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലെത്തിയാൽ ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കും. ആദിവാസികളുടെയും ദലിതരുടെയും പാവങ്ങളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കും എന്നായിരുന്നു അമിത് ഷാ പ്രസംഗിച്ചത്.
യെദിയൂരപ്പ സർക്കാറാണ് ഇന്ത്യയിൽ അഴിമതിയിൽ ഒന്നാംസ്ഥാനത്തെന്ന് പറഞ്ഞ് ദിവസങ്ങൾക്കുമുമ്പ് അമിത് ഷാ വെട്ടിലായിരുന്നു. യെദിയൂരപ്പയെ അടുത്തിരുത്തിയാണ് അമിത് ഷാ ഇതു പറഞ്ഞത്. അബദ്ധം മനസ്സിലായ ഉടൻ തിരുത്തിയെങ്കിലും സമൂഹമാധ്യമങ്ങൾ ഇത് ഏറ്റെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.