മനിലയിൽ മോദി ഗുരുദ്വാര സന്ദർശിച്ചു; പഞ്ചാബ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് വിമർശനം
മനില: ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി ഫിലിപ്പൈൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മനിലയിലെ ചരിത്രപ്രസിദ്ധമായ ഖൽസ ദിവാൻ ഗുരുദ്വാര സന്ദർശിച്ചു. ഗുരുദ്വാരയുടെ പുനർവികസന പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം പഞ്ച പ്യാരെമാരുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നിർവഹിച്ചു. ഫിലിപ്പൈൻസിലെ ഏറ്റവും പഴയ ഗുരുദ്വാരയാണിത്.
ചടങ്ങിൽ സെനറ്റർ ഫ്രാൻസിസ് ജോസഫ് എസ്കുഡെറോ, മനില സിറ്റി മേയർ ഫ്രാൻസിസ്കോ ഇസ്കോ മൊറേനോ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ സന്നിഹിതരായിരുന്നു. 1901-ൽ സ്ഥാപിതമായ ഈ സ്ഥാപനം 1903-ൽ ഔദ്യോഗികമായി സംഘടിപ്പിക്കപ്പെടുകയും 1924-ൽ ഖൽസ ദിവാൻ ആയി രജിസ്റ്റർ ചെയ്യുകയും ചെയ്തു. സിഖ് സമൂഹത്തിനും മനിലയിലെ മറ്റ് ജനവിഭാഗങ്ങൾക്കും ആത്മീയവും സാംസ്കാരികവുമായ സേവനങ്ങൾ നൽകുന്നതിൽ ഈ ഗുരുദ്വാര നിർണായക പങ്കുവഹിക്കുന്നുണ്ട്. ഫിലിപ്പൈൻ സമൂഹവും ഇന്ത്യൻ-സിഖ് സമൂഹവും തമ്മിലുള്ള പ്രധാന പാലമായാണ് ഈ സ്ഥാപനം നിലകൊള്ളുന്നത്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നടത്തുന്ന സന്ദർശനങ്ങളുടെ ഭാഗമാണിതെന്ന വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്. 2027 ഫെബ്രുവരിയിൽ പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം.
ബി.ജെ.പി പ്രതിപക്ഷത്തുള്ള പഞ്ചാബിൽ ആം ആദ്മി പാർട്ടിയാണ് ഭരണത്തിലുള്ളത്. സമാനമായ രീതിയിൽ, 2021-ൽ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ദിവസത്തിൽ ബംഗ്ലാദേശിലെ ഒരകാണ്ഡിയിലുള്ള മത്വ സമുദായാംഗങ്ങളുടെ പ്രാർത്ഥനാ കേന്ദ്രം മോദി സന്ദർശിച്ചിരുന്നത് രാഷ്ട്രീയമായി ഏറെ ചർച്ചയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.