മർദനമേറ്റു മരിച്ച സിക്കന്ദർ ഖാൻ

ആശുപത്രിക്കുള്ളിൽ പൂട്ടിയിട്ട് ക്രൂരമർദനം; ബിഹാറിൽ മുസ്‍ലിം സാമുഹിക പ്രവർത്തകൻ മരിച്ചു, രണ്ട് പേർ അറസ്റ്റിൽ

പട്ന: ചികിത്സയുമായി ബന്ധപ്പെട്ട തർക്കത്തിനിടെ സ്വകാര്യ ആശുപത്രിക്കുള്ളിൽ ക്രൂരമായി മർദനമേറ്റ 32കാരൻ മരിച്ചു. ബിഹാറിലെ ഔറംഗാബാദ് സ്വദേശി സിക്കന്ദർ ഖാനാണ് മരിച്ചത്. നവംബർ 10ന് ആശുപത്രിയിൽ വെച്ചുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സിക്കന്ദർ നാലു ദിവസത്തിന് ശേഷം നവംബർ 14ന് പട്നയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിൽ ആശുപത്രി ഉടമയായ ഡോക്ടറെയും ജീവനക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു.

സുഹൃത്തിന്റെ പിതാവിന് ചികിത്സയുമായി ബന്ധപ്പെട്ടാണ് നവംബർ 10ന് രാത്രി സിക്കന്ദർ ഔറംഗാബാദിലെ കെ.പി. മെമ്മോറിയൽ ആശുപത്രിയിലെത്തിയത്. ഇതിനിടെ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഗർഭിണിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ആശുപത്രി ഉടമ ഡോ. രഞ്ജിത് കുമാർ യാദവുമായി തർക്കമുണ്ടായി. ഗർഭിണിക്ക് രക്തക്കുറവുള്ളതിനാൽ മറ്റൊരിടത്തേക്ക് മാറ്റണമെന്ന ഡോക്ടറുടെ നിർദേശമാണ് തർക്കത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.

തർക്കം രൂക്ഷമായതോടെ ആശുപത്രി ഉടമയും ജീവനക്കാരും ചേർന്ന് സിക്കന്ദറിനെ ആശുപത്രിക്കുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ഗേറ്റ് പൂട്ടിയിട്ട ശേഷം മർദിക്കുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി. ബേസ്ബാൾ ബാറ്റും ഇരുമ്പുവടികളും ഉപയോഗിച്ച് തലയിലും ശരീരത്തിലും മർദിച്ചെന്നാണ് സഹോദരൻ സാബിർ ആലം ഖാൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ഡോക്ടറുടെ സഹോദരൻ രഞ്ജയ് കുമാറും ആക്രമണത്തിൽ പങ്കെടുത്തതായി പരാതിയിലുണ്ട്.

ഗുരുതരമായി പരിക്കേറ്റ സിക്കന്ദറിനെ ആദ്യം റഫിഗഞ്ച് സർക്കാർ ആശുപത്രിയിലും പിന്നീട് ഗയയിലെ മഗധ് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യനില മോശമായതിനെ തുടർന്ന് പട്നയിലെ മെദാന്ത ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നവംബർ 11ന് സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. സിക്കന്ദറിന്റെ മരണത്തിന് പിന്നാലെ കൊലപാതകക്കുറ്റവും കേസിൽ ഉൾപ്പെടുത്തി. ആശുപത്രി ഉടമ ഡോ. രഞ്ജിത് കുമാർ യാദവിനെയും ജീവനക്കാരനായ സൗരഭ് കുമാറിനെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡോക്ടറുടെ സഹോദരൻ രഞ്ജയ് കുമാർ ഉൾപ്പെടെ മൂന്ന് പേർ ഒളിവിലാണെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രദേശത്ത് സാമൂഹിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായിരുന്ന സിക്കന്ദർ ഖാൻ വരാനിരിക്കുന്ന ഗ്രാമത്തലവൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. സിക്കന്ദറിനെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഭാര്യയും ആറുമാസം പ്രായമുള്ള മകളും അടങ്ങുന്നതാണ് സിക്കന്ദറിന്റെ കുടുംബം. 

Tags:    
News Summary - Bihar Social Worker Dies After Hospital Attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.