'നർമ്മദാ അണക്കെട്ടിന് തടസമുണ്ടാക്കുന്ന സ്ത്രീക്കൊപ്പം കോൺഗ്രസ് നേതാവ് പദയാത്ര നടത്തുന്നു'; രാഹുലിനെ വിമർശിച്ച് മോദി

ഗാന്ധിനഗർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ സാമൂഹിക പ്രവർത്തക മേധാ പടക്ർ പങ്കെടുത്തതിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രേ മോദിയും. നേരത്തേ ബി.ജെ.പി നേതാവും ഗുജറാത്ത് മുഖ്യമന്ത്രിയുമായ ഭൂപേന്ദ്ര പട്ടേലും രാഹുലിനെ വിമർശിച്ച് രംഗത്ത് എത്തിയിരുന്നു. നവംബർ 17നാണ് മഹാരാഷ്ട്രയിൽ നടന്ന ഭാരത് ജോഡോ യാത്രയിൽ മേധാ പട്കർ പങ്കുചേർന്നത്. രാഹുൽ ഗാന്ധി മേധാ പട്കറുമായി സംസാരിക്കുന്ന ഫോട്ടോകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

'മൂന്ന് പതിറ്റാണ്ടായി നർമ്മദാ അണക്കെട്ട് പദ്ധതിക്ക് തടസമുണ്ടാക്കുന്ന ഒരു സ്ത്രീക്കൊപ്പം ഒരു കോൺഗ്രസ് നേതാവ് പദയാത്ര നടത്തുന്നത് കണ്ടുവെന്നായിരുന്നു മോദിയുടെ വിമർശനം. ഗുജറാത്തിലെ ധോരാജിയിലെ പൊതുയോഗത്തെ അഭിസംബോധന ചെയ്യവെയായിരുന്നു മോദി ഇങ്ങിനെ പറഞ്ഞത്.

വോട്ട് ചോദിക്കാനെത്തുമ്പോൾ നർമ്മദാ അണക്കെട്ട് പദ്ധതിക്ക് എതിരായവരുടെ തോളിൽ കൈയിട്ടാണ് പദയാത്ര നടത്തിയതെന്ന് കോൺഗ്രസിനോട് ചോദിക്കൂവെന്നും മോദി ആഹ്വാനം ചെയ്തു. രാഹുൽ ഗാന്ധിയെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം.


ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിനെതിരെ മേധാ പട്കറിന്‍റെ നേതൃത്വത്തിൽ വലിയ പ്രതിഷേധ സമരങ്ങൾ അരങ്ങേറിയിരുന്നു. 'കോൺഗ്രസും രാഹുൽ ഗാന്ധിയും ഗുജറാത്തിനോടും ഗുജറാത്തികളോടുമുള്ള വിരോധം വീണ്ടും പ്രകടിപ്പിക്കുകയാണ്. മേധാ പട്കറിന് തന്റെ യാത്രയിൽ മധ്യത്തിൽതന്നെ സ്ഥാനം നൽകിയതിലൂടെ, പതിറ്റാണ്ടുകളായി ഗുജറാത്തികൾക്ക് വെള്ളം നിഷേധിച്ചവർക്കൊപ്പമാണ് താൻ നിലകൊള്ളുന്നതെന്നാണ് രാഹുൽ ഗാന്ധി കാണിക്കുന്നത്. ഗുജറാത്ത് ഇത് സഹിക്കില്ല' -ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു.

സർദാർ സരോവർ അണക്കെട്ടിനെതിരെയുള്ള മേധാ പട്കറുടെ പ്രതിഷേധങ്ങളുടെ കടുത്ത വിമർശകരായിരുന്നു ബി.ജെ.പി. പരിസ്ഥിതി, പുനരധിവാസ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മേധാ പട്കറുടെ നേതൃത്വത്തിലുള്ള നർമദാ ബച്ചാവോ ആന്ദോളനാണ് ഡാമിനെതിരെ സമരം നടത്തിയിരുന്നത്. 2017ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡാമിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്.

Tags:    
News Summary - PM Modi slams Rahul Gandhi for walking with Medha Patkar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.