പാകിസ്താനിൽ നടക്കുന്ന സാര്‍ക് ഉച്ചകോടിയില്‍ നിന്ന് ഇന്ത്യ പിന്മാറി

ന്യൂഡല്‍ഹി: സമ്മര്‍ദ നയതന്ത്രം മുറുകിയതോടെ ഇന്ത്യ-പാക് സംഘര്‍ഷം പുതിയ തലങ്ങളിലേക്ക്. നവംബറില്‍ ഇസ്ലാമാബാദില്‍ നടക്കാനിരിക്കുന്ന സാര്‍ക് ഉച്ചകോടിയില്‍ നിന്ന് ഇന്ത്യ പിന്മാറി. പാകിസ്താന്‍െറ അതിപ്രിയ രാജ്യ പദവി എടുത്തുകളയാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. അതേസമയം, സിന്ധുനദീജല കരാറില്‍ നിന്ന് പിന്മാറാനാണ് ഇന്ത്യയുടെ ഭാവമെങ്കില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി, യു.എന്‍ രക്ഷാസമിതി എന്നിവയെ സമീപിക്കുമെന്ന് പാകിസ്താന്‍ പ്രഖ്യാപിച്ചു.

ഉറി ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തിലാണ് പുതിയ നീക്കങ്ങള്‍. ഉച്ചകോടി വിജയിപ്പിക്കാന്‍ പറ്റിയ സാഹചര്യമില്ളെന്ന വിശദീകരണത്തോടെയാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ മേഖലാ സഹകരണ കൂട്ടായ്മ (സാര്‍ക്)യുടെ സുപ്രധാന യോഗം ബഹിഷ്കരിക്കുന്ന കാര്യം ഇന്ത്യ പ്രഖ്യാപിച്ചത്. പാകിസ്താനുമായി നല്ല ബന്ധത്തിലല്ലാത്ത അഫ്ഗാനിസ്താന്‍, ബംഗ്ളാദേശ്, ഭൂട്ടാന്‍ എന്നിവയും ഉച്ചകോടിയില്‍നിന്ന് വിട്ടുനിന്നേക്കുമെന്ന് സൂചനയുണ്ട്.

നവംബര്‍ 9,10 തീയതികളിലാണ് സാര്‍ക് ഉച്ചകോടി. പിന്മാറ്റ വിവരം സാര്‍ക്കിന്‍െറ നിലവിലെ അധ്യക്ഷ രാജ്യമായ നേപ്പാളിനെ അറിയിച്ചു. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നതും അംഗരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്താന്‍ ഇടപെടുന്നതും ഉച്ചകോടിക്കു പറ്റിയ അന്തരീക്ഷം നഷ്ടപ്പെടുത്തിയെന്ന് അധ്യക്ഷ രാജ്യത്തെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വിശദീകരിച്ചു.

ഉറി ഭീകരാക്രമണത്തിന്‍െറ ഉദ്ഭവ കേന്ദ്രം പാകിസ്താനാണെന്ന് വിശദീകരിക്കുന്ന പുതിയ തെളിവുകള്‍ പാക് ഹൈകമീഷണര്‍ അബ്ദുല്‍ ബാസിതിനെ വിളിച്ചു വരുത്തി വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ കൈമാറിയതിനു പിന്നാലെയാണ് സാര്‍ക് ഉച്ചകോടി ബഹിഷ്കരണ പ്രഖ്യാപനം. പാകിസ്താനുമായി ബന്ധങ്ങള്‍ ചുരുക്കുന്നതിന്‍െറ ഭാഗമായി അതിപ്രിയ രാജ്യ (എം.എഫ്.എന്‍) പദവി റദ്ദാക്കുന്ന കാര്യം പരിഗണിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിട്ടുണ്ട്. വാണിജ്യബന്ധം മെച്ചപ്പെടുത്തുന്നതിന് 20 വര്‍ഷം മുമ്പാണ് പാകിസ്താന് ഈ പദവി ഇന്ത്യ അനുവദിച്ചത്.

1996ലാണ് ഗാട്ട് കരാറിന്‍െറ ഭാഗമായി പാകിസ്താന് അതിപ്രിയ രാജ്യ പദവി ഇന്ത്യ നല്‍കിയത്. പരസ്പര വാണിജ്യ ബന്ധം മെച്ചപ്പെടുത്തുന്നതിനാണ് ലക്ഷ്യമിട്ടത്. മൊത്തം കയറ്റിറക്കുമതിയുമായി തട്ടിച്ചു നോക്കിയാല്‍ ഇന്ത്യ-പാക് വ്യാപാര ബന്ധം വളരെ പരിമിതമാണ്. പാകിസ്താനാകട്ടെ, ഇന്ത്യക്ക് തത്തുല്യ പദവി അനുവദിച്ചിട്ടുമില്ല. അതുകൊണ്ട് എം.എഫ്.എന്‍ പദവി റദ്ദാക്കുന്നത് പ്രതീകാത്മക പ്രതിഷേധ നടപടി മാത്രമായിരിക്കും.

സിന്ധു നദീജല കരാര്‍ പ്രാബല്യത്തിലുണ്ടെങ്കിലും പാകിസ്താന് കഴിയുന്നത്ര കുറച്ച് വെള്ളം മാത്രം നല്‍കാനുള്ള വഴികള്‍ രൂപപ്പെടുത്താന്‍ മന്ത്രാലയതല സമിതി രൂപവത്കരിക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍, ഏകപക്ഷീയമായി കരാറില്‍നിന്ന് പിന്മാറുന്നത് ഇന്ത്യയുടെ ‘യുദ്ധമുറ’യായി കരുതുമെന്ന് പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സര്‍താജ് അസീസ് ദേശീയ അസംബ്ളിയില്‍ പറഞ്ഞു.

ഇതിനിടെ, യു.എന്‍ പൊതു സഭയില്‍ കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നു പറയുകയും, കശ്മീരും ബലൂചിസ്താനും സമാന വിഷയങ്ങളായി അവതരിപ്പിക്കുകയും ചെയ്തതില്‍ പ്രതിഷേധിക്കുന്ന പ്രമേയം പാക് ദേശീയ അസംബ്ളി പാസാക്കി.

 

< script async src="//platform.twitter.com/widgets.js" data-charset="utf-8">
Tags:    
News Summary - PM Modi to skip SAARC summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.