മോദിക്ക് ലോകം മുഴുവൻ ചുറ്റിക്കറങ്ങാൻ സമയമുണ്ട്; മണിപ്പൂരിലേക്കു പോവാൻ തോന്നിയില്ലെന്ന് കോൺഗ്രസ്

ഇംഫാൽ: കലാപബാധിതമായ മണിപ്പൂർ സന്ദർശിക്കാത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് കോൺഗ്രസ്. മോദി ലോകമെമ്പാടും സഞ്ചരിക്കാൻ സമയവും ഊർജവും ചെലവഴിക്കുന്നുവെന്നും എന്നാൽ വടക്കു കിഴക്കൻ സംസ്ഥാനത്ത് ദുരിതമനുഭവിക്കുന്ന ജനങ്ങളിലേക്കെത്തേണ്ടതിന്റെ ആവശ്യം അദ്ദേഹം കണ്ടില്ലെന്നും കോൺഗ്രസ് പറഞ്ഞു.

മണിപ്പൂരിൽനിന്നാരംഭിച്ച ‘ഭാരത് ജോഡോ ന്യായ് യാത്ര’യുടെ ഒന്നാം വാർഷിക വേളയിലാണ് കോൺഗ്രസിന്റെ പൊട്ടിത്തെറി. തൊഴിലില്ലായ്മ, വിലക്കയറ്റം, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്  കഴിഞ്ഞ ജനുവരി 14ന് മണിപ്പൂരിൽനിന്ന് കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ‘ഭാരത് ജോഡോ ന്യായ് യാത്ര’ ആരംഭിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹൈബ്രിഡ് മോഡിൽ നടത്തിയ യാത്രയുടെ സമാപനം മുംബൈയിലെ ശിവജി പാർക്കിലെ റാലിയോടെ അടയാളപ്പെടുത്തുകയും ചെയ്തു. 

‘കൃത്യം ഒരു വർഷം മുമ്പ് മണിപ്പൂരിൽ നിന്ന് ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിച്ചു. കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ചരിത്രപരമായ ‘ഭാരത് ജോഡോ യാത്ര’യുടെ പശ്ചാത്തലത്തിൽ 15 സംസ്ഥാനങ്ങളിലൂടെ 6,600 കിലോമീറ്റർ സഞ്ചരിച്ച് 2024 മാർച്ച് 16ന് മുംബൈയിൽ സമാപിച്ചു’-കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ‘എക്‌സി’ലെ പോസ്റ്റിൽ പറഞ്ഞു.

‘മണിപ്പൂർ ഇപ്പോഴും പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി കാത്തിരിക്കുന്നു. അദ്ദേഹം ലോകമെമ്പാടും സഞ്ചരിക്കാൻ സമയവും താൽപര്യവും ഊർജവും കണ്ടെത്തി. എന്നാൽ, മണിപ്പൂരിലെ ദുരിതബാധിതരായ ജനങ്ങളിലേക്ക് എത്തിച്ചേരേണ്ടത് അത്യാവശ്യമാണെന്നത് അദ്ദേഹത്തിന് തോന്നിയില്ല -രമേശ് കൂട്ടിച്ചേർത്തു. മണിപ്പൂരിലെ സ്വന്തം പാർട്ടി നിയമസഭാംഗങ്ങളും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ പ്രധാനമന്ത്രി വിസമ്മതിച്ചുവെന്നും രമേശ് ആരോപിച്ചു. മണിപ്പൂരിന്റെ വേദന 2023 മെയ് 3 മുതൽ അനിയന്ത്രിതമായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വംശീയ സംഘർഷം രൂക്ഷമായ വടക്കുകിഴക്കൻ സംസ്ഥാനത്തെ സ്ഥിതിഗതികൾ കൈകാര്യം ചെയ്തതിന് കേന്ദ്രസർക്കാറിനെ രൂക്ഷമായി വിമർശിക്കുന്നതിനു പുറമെ മണിപ്പൂർ സന്ദർശിക്കാത്തതിന്  പ്രധാനമന്ത്രിക്കു നേരെയുള്ള കടന്നാക്രമണം കോൺഗ്രസ് തുടരുകയാണ്.

Tags:    
News Summary - PM Modi found time to go all over world but didn’t reach out to distressed people of Manipur: Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.