ന്യൂഡൽഹി: അർഹരല്ലെന്നു കരുതുന്ന കർഷകർക്ക് പി.എം കിസാൻ സമ്മാൻ നിധിയിൽനിന്ന് വിതരണം ചെയ്ത പണം തിരിച്ചുപിടിക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ്. സ്വന്തം വ്യവസായസുഹൃത്തുക്കളുടെ ലക്ഷക്കണക്കിന് കോടി രൂപ വായ്പ എഴുതിത്തള്ളുമ്പോൾ പാവപ്പെട്ട അന്നദാതാക്കളിൽനിന്നു പണം തിരിച്ചെടുക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പി.എം കിസാൻ പദ്ധതി ആരംഭിച്ച് ധിറുതിപിടിച്ച് കർഷകരുടെ ബാങ്ക് അക്കൗണ്ട് നമ്പറുകൾ വാങ്ങിച്ചു. തെരഞ്ഞെടുപ്പിനുമുമ്പ് പണം നൽകിയെന്ന് അവകാശവാദം ഉന്നയിക്കുകയും ചെയ്തു.
ഇപ്പോൾ അനർഹർ പണം കൈപ്പറ്റിയെന്നും തിരികെ നൽകണമെന്നുമാണ് പറയുന്നത്. ഇതിനായി സർക്കാർ നോട്ടീസ് അയക്കുന്നുണ്ട്. രാജ്യത്തുടനീളമുള്ള രണ്ടു കോടിയോളം കർഷകരെ അനർഹരാക്കി പണം തിരിച്ചെടുക്കാനുള്ള നടപടി അവസാനിപ്പിക്കണമെന്ന് പാർട്ടി വക്താവ് അഖിലേഷ് പ്രതാപ് സിങ് ആവശ്യപ്പെട്ടു.
യു.പി നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ് വോട്ടർമാരിൽ സ്വാധീനം ചെലുത്താനായി സൗജന്യ ഭക്ഷ്യധാന്യം നൽകുന്ന പദ്ധതി ആരംഭിച്ചിരുന്നു. അത് ഇപ്പോൾ നിർത്തിയിരിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. തൊഴിലില്ലായ്മയും ദാരിദ്ര്യവും കൂടുതൽ വർധിച്ചു.
ദിവസവേതന തൊഴിലാളികളുടെ ആത്മഹത്യ ഉയർന്നതായി ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ കണക്കുകൾ വ്യക്തമാക്കുന്നു. ഇത്തരമൊരു സമയത്ത് സൗജന്യ റേഷൻ പദ്ധതി നിർത്തലാക്കുനത് കോൺഗ്രസ് ചോദ്യംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.