ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാർ അധികാരമേറ്റതിന് പിന്നാലെ വൻതോതിൽ കുതിരക്കച്ചവടം നടന്നെന്ന് ആരോപിച്ച് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി. വിശ്വാസവോട്ടെടുപ്പുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ച് കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷിക്കണമെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നുമാണ് ഹരജിയിലെ ആവശ്യം.
മേയ് 13ന് സി. ജോസഫ് വിജയിയുടെയും അദ്ദേഹത്തിന്റെ പാർട്ടിയായ ടി.വി.കെയുടെയും നേതൃത്വത്തിലുള്ള സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വലിയ രീതിയിൽ കുതിരക്കച്ചവടം നടത്തിയെന്നാണ് ആരോപണം. ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിക്കുന്ന അധാർമിക രാഷ്ട്രീയ നടപടികളിലൂടെയാണ് വിജയ് സർക്കാർ അധികാരം നേടിയതെന്ന് ആരോപിച്ച് മധുര സ്വദേശിയായ കെ.കെ. രമേശാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്.
നിയമസഭ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടുന്നതിൽ ടി.വി.കെ പരാജയപ്പെട്ടുവെന്നും അതിനാൽ വിശ്വാസ വോട്ടെടുപ്പിൽ ജയിക്കാൻ സാമ്പത്തിക -രാഷ്ട്രീയ സമ്മർദ്ദങ്ങളിലൂടെ പിന്തുണ നേടിയെന്നാണ് ആരോപണം. ടി.വി.കെ ചില എം.എൽ.എമാർക്ക് വൻതോതിൽ പണം നൽകിയെന്നും ഹരജിയിൽ പറയുന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ 108 സീറ്റുകളാണ് ടി.വി.കെ നേടിയത്. പിന്നീട് കോൺഗ്രസും സി.പി.എം, സി.പി.ഐ ഉൾപ്പെടെ ഇടതുപക്ഷ പാർട്ടികളും വി.സി.കെയും മുസ്‍ലിം ലീഗും വിജയ് സർക്കാറിന് പിന്തുണയുമായി എത്തിയിരുന്നു. കൂടാതെ അണ്ണാ ഡി.എം.കെയിലെ ഒരു വിഭാഗവും വിജയ് സർക്കാറിന് പിന്തുണ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.