ജീൻ ജോസഫ് വൈസ് ചാൻസലറിൽ നിന്ന് ബിരുദം ഏറ്റു വാങ്ങുന്നു. ഗവർണർ സമീപം.
ചെന്നൈ: ബിരുദ ദാന ചടങ്ങിൽ തമിഴ്മാട് ഗവർണർ ആ.എൻ രവിയിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങാൻ വിസമ്മതിച്ച് ഗവേഷക വിദ്യാർഥിനി. മനോൻമണീയം സുന്ദരനാർ യൂനിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഗവർണർ തമിഴ്നാടിനും ഇവിടുത്തെ ജനങ്ങൾക്കും എതിരാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തിൽ നിന്നും സർട്ടിഫിക്കറ്റ് സ്വീകരിക്കാത്തതെന്ന് വിദ്യാർഥിനി ജീൻ ജോസഫ് പറഞ്ഞു.
ബിരുദ ദാന വേദിയിൽ ഗവർണറിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങാൻ വിസമ്മതിച്ച ജീൻ ജോസഫ് വൈസ് ചാൻസലർ എൻ.ചന്ദ്ര ശേഖറിൽ നിന്ന് വാങ്ങുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. ആദ്യം വിദ്യാർഥിനിക്ക് അബദ്ധം പറ്റിയതാണെന്ന് കരുതി അദ്ദേഹം മുന്നോട്ടേക്ക് വന്നെങ്കിലും വിദ്യാർഥിനിയുടെ പെരുമാറ്റത്തിൽ നിന്ന് തന്നിൽ നിന്ന് ബിരുദമേറ്റു വാങ്ങാൻ താത്പര്യമില്ലെന്ന് മനസ്സിലാക്കുകയായിരുന്നു.
വിദ്യാർഥിനിക്ക് അബദ്ധം പറ്റിയതാണെന്നാണ് തങ്ങൾ ആദ്യം കരുതിയതെങ്കിലും പിന്നീട് അറിഞ്ഞുകൊണ്ട് ഇത്തരത്തിൽ പെരുമാറിയതാണെന്ന് മനസ്സിലാക്കുകയായിരുന്നുവെന്ന് യൂനിവേഴ്സിറ്റിയിലെ മുതിർന്ന പ്രൊഫസർ പ്രതികരിച്ചു. ചടങ്ങിൽ നിന്നും സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രിയും വിട്ടുനിന്നിരുന്നു.
ഗവേഷക വിദ്യാർഥിനിക്കെതിരെ ബി.ജെ.പി രംഗത്തു വന്നിട്ടുണ്ട്. ഡി.എം.കെ നേതാവിന്‍റെ ഭാര്യയാണ് ജീൻ ജോസഫെന്നും പാർട്ടി പദവികൾക്കായി നാടകം കളിക്കുന്നത് അപലപനീമാണെന്നും അണ്ണാമലൈ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.