ബി.ജെ.പിയോടൊപ്പം ചേർന്ന അജിത് പവാറിന്റെ ചിത്രം എടുത്തുമാറ്റി കരിഓയിൽ ഒഴിച്ച് പ്രതിഷേധിക്കുന്ന എൻ.സി.പി പ്രവർത്തകർ
മുംബൈ: എൻ.സി.പിയെ പിളർത്തി അജിത് പവാർ, ശിവസേന (ഷിൻഡെ പക്ഷം)-ബി.ജെ.പി സഖ്യ സർക്കാറിന്റെ ഭാഗമായതിനുപിന്നാലെ നേതാക്കളെ പുറത്താക്കി ഇരുപക്ഷവും. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് ദേശീയ വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ, ദേശീയ സെക്രട്ടറി സുനിൽ തത്കരെ എന്നിവരടക്കം അഞ്ചുപേരെ എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാർ പുറത്താക്കി. പിളർപ്പിന് രഹസ്യനീക്കങ്ങൾ നടത്തിയ പട്ടേൽ, തത്കരെ എന്നിവർക്കെതിരെ അച്ചടക്കനടപടി വേണമെന്ന് വർക്കിങ് പ്രസിഡന്റും പവാറിന്റെ മകളുമായ സുപ്രിയ സുലെ രേഖാമൂലം ആവശ്യപ്പെടുകയായിരുന്നു.
പാർട്ടി ഔദ്യോഗികപക്ഷ മഹാരാഷ്ട്ര അധ്യക്ഷൻ ജയന്ത് പട്ടേൽ, കഴിഞ്ഞ ദിവസം ഔദ്യോഗികപക്ഷം പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ച ജിതേന്ദ്ര ആവാദ് എന്നിവരെ അജിത് പവാർ പക്ഷവും പുറത്താക്കി. ജയന്ത് പട്ടേലിനു പകരം സുനിൽ തത്കരെയെ സംസ്ഥാന അധ്യക്ഷനായും അജിത് പവാറിനെ നിയമസഭകക്ഷി നേതാവായും അനിൽ ഭായ് ദാസ് പട്ടേലിനെ ചീഫ് വിപ്പായും വിമതപക്ഷം നിയോഗിച്ചു.
അജിത് പവാറടക്കം കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത ഒമ്പതുപേരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഔദ്യോഗിക പക്ഷം സ്പീക്കർക്കും തെരഞ്ഞെടുപ്പ് കമീഷനും പരാതി നൽകിയിട്ടുണ്ട്. എന്നാൽ. തങ്ങളുടേതാണ് യഥാർഥ എൻ.സി.പിയെന്നും ശരദ് പവാർ തന്നെയാണ് ദേശീയ അധ്യക്ഷനെന്നും അജിത് പവാർ തിങ്കളാഴ്ച അവകാശപ്പെട്ടു. തങ്ങളെ അയോഗ്യരാക്കാൻ ആവശ്യപ്പെടാൻ മറ്റാർക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
പവാറാണ് ദേശീയ അധ്യക്ഷനെങ്കിലും അദ്ദേഹത്തിന്റെ തീരുമാനങ്ങളെ തൽക്കാലം അംഗീകരിക്കുന്നില്ലെന്നും പാർട്ടി നേതാക്കളുടെയും ജനപ്രതിനിധികളുടെയും ഭൂരിപക്ഷാഭിപ്രായമാണ് ഇപ്പോൾ അംഗീകരിക്കുന്നതെന്നുമാണ് പ്രഫുൽ പട്ടേൽ വാർത്തസമ്മേളനത്തിൽ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.