തര്‍ലാം (മധ്യപ്രദേശ്): ആശുപത്രി അധികൃതർ ‘കോമയിലാണെന്ന്’ പറഞ്ഞ രോഗി ഡോക്ടർമാരുടെയും നഴ്സുമാരുടെയും കണ്ണുവെട്ടിച്ച് ഐ.സി.യുവിൽ നിന്ന് പുറത്തുചാടി.
മധ്യപ്രദേശിലെ രത്‌ലാമിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ലക്ഷങ്ങൾ ചെലവ് വരുമെന്ന ആശുപത്രി അധികൃതരുടെ വാക്കുകൾ കേട്ട് ബന്ധുക്കൾ പണം സംഘടിപ്പിക്കാൻ പരക്കം പായുന്നതിനിടയിലാണ് യുവാവ് പുറത്തിറങ്ങിയത്. സംഭവം വൈറലായതിന് പിന്നാലെ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റതിനാൽ ബോധം നഷ്ടപ്പെട്ടെന്നും കോമയിലാണെന്നുമാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിരുന്നത്. ചെലവേറിയ ചികിത്സ ആവശ്യമാണെന്നും അതിനായി ഉടൻ ഒരു ലക്ഷം രൂപ കണ്ടെത്തണമെന്നും അധികൃതർ ബന്ധുക്കളോടു പറഞ്ഞു. എന്നാൽ, ബിൽ 8,000 രൂപ മാത്രമായിരുന്നുവെന്നാണ് ആശുപത്രിയുടെ അവകാശവാദം. സംഭവത്തിന് മുമ്പ് 40,000 രൂപ ആശുപത്രി ബിൽ അടച്ചുവെന്നാണ് യുവാവിന്‍റെ ഭാര്യയും പറയുന്നു.
വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. പ്രദേശത്തെ സംഘർഷത്തിൽ പരിക്കേറ്റാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
യുവാവിന് ഡോക്‌ടർമാർ അറിയിച്ചതുപോലുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് സൂചന. ഇതെത്തുടർന്ന് ആശുപത്രിക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.