വീട്ടിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമക്കെതിരായ ഇംപീച്ച്മെന്‍റ് നിർദേശം പരിശോധിക്കാൻ മൂന്നംഗ സമിതി

ന്യൂഡൽഹി: വീട്ടിൽനിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ മുൻ ഹൈകോടതി ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന നിർദേശം പരിശോധിക്കാൻ മൂന്നംഗ സമിതി രൂപീകരിച്ചു. ലോക്‌സഭാ സ്പീക്കർ ഓം ബിർളയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് 146 എം.പിമാർ ഒപ്പിട്ട നോട്ടീസ് നേരത്തെ സ്പീക്കർക്ക് നൽകിയിരുന്നു. ഈ നോട്ടീസ് അംഗീകരിച്ചാണ് സ്പീക്കർ നടപടി ആരംഭിച്ചത്.

സുപ്രീംകോടതി ജഡ്ജി അരവിന്ദ് കുമാറിന്‍റെ അധ്യക്ഷതയിലെ സമിതിയിൽ മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് മഹീന്ദർ മോഹൻ, നിയമവിദഗ്ധൻ ബി.വി. ആചാര്യ എന്നിവരാണ് ഉണ്ടാകുക. ഈ കമ്മിറ്റി പരമാവധി നേരത്തെ റിപ്പോർട്ട് സമർപ്പിക്കുമെന്നും അതുവരെ ഇംപീച്ച്മെന്‍റ് നിർദേശം പരിഗണനയിൽ തുടരുമെന്നും ലോക്‌സഭാ സ്പീക്കർ പറഞ്ഞു. ലഭിക്കുന്ന റിപ്പോർട്ട് സ്പീക്കർ സഭയിൽ അവതരിപ്പിക്കും.

ഭരണഘടനയുടെ ആർട്ടിക്കിൾ 124(4) പ്രകാരമാണ് ഒരു ജഡ്ജിയെ ഇംപീച്ച് ചെയ്യുന്നതിനുള്ള നടപടിക്രമം നടക്കുക. തെളിവുകൾ വിളിച്ചുവരുത്താനും സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാനും കമ്മിറ്റിക്ക് അധികാരമുണ്ട്.

തനിക്കെതിരായ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യശ്വന്ത് വർമ സമർപ്പിച്ച ഹരജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതോടെയാണ് ഇംപീച്ച്മെന്റ് നടപടികളുമായി പാർലമെന്റ് മുന്നോട്ട് പോകുന്നത്.

ജസ്റ്റിസ് വർമയുടെ ഡൽഹിയിലെ 30 തുഗ്ലക്ക് ക്രസന്‍റ് വസതിയിലുണ്ടായ തീപിടിത്തത്തിൽ കത്തി നശിച്ച നോട്ടുകെട്ടുകൾ കണ്ടെത്തുകയായിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് യശ്വന്ത് വർമയെ അലഹബാദ് ഹൈകോടതിയിലേക്ക് ഉടൻ സ്ഥലം മാറ്റാൻ ഉത്തരവിട്ടിരുന്നു. പണം ഔദ്യോഗിക വസതിയില്‍ സൂക്ഷിച്ചതിന് തെളിവുണ്ടെന്നും യശ്വന്ത് വർമ അറിയാതെ പണം വസതിയില്‍ സൂക്ഷിക്കാന്‍ ആകില്ലെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.

Tags:    
News Summary - Panel Formed To Review Justice Yashwant Varma Impeachment Proposal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.