ന്യൂഡൽഹി: ഹരിയാനയിലെ പഞ്ച്കുലയിൽ തിങ്കളാഴ്ച രാത്രി നിർത്തിയിട്ട കാറിനുള്ളിൽ ഏഴംഗ കുടുംബം ആത്മഹത്യ ചെയ്ത വാർത്ത നടുക്കത്തോടെയാണ് രാജ്യം കേട്ടത്. ഹിസാർ സ്വദേശിയായ 42കാരൻ പ്രവീൺ മിത്തലും കുടുംബവുമാണ് പഞ്ച്കുലയിലെ സെക്ടർ 27ൽ ജീവിതം അവസാനിപ്പിച്ചത്. 15 കോടി രൂപയോളം പ്രവീൺ മിത്തലിന് ബാധ്യതയുണ്ടായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
സ്ക്രാപ് മെറ്റിരിയൽ പ്രോസസ് ചെയ്യുന്ന പ്ലാന്‍റ് സ്വന്തമായുണ്ടായിരുന്ന മിത്തൽ പിന്നീട് ഇതിൽ പരാജയപ്പെട്ട് ടൂർ ആൻഡ് ട്രാവൽ ബിസിനസ് ആരംഭിക്കുകയായിരുന്നു. ഇതിലും കോടികളുടെ നഷ്ടം നേരിട്ടതോടെ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ബാധ്യത പെരുകിയതോടെ കുടുംബത്തിലെ ആറുപേരെ കൂടെകൂട്ടി വിഷംകഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
ഹിസാറിലെ ബർവാല സ്വദേശിയായ പ്രവീൺ 20 വർഷം മുമ്പാണ് മാതാപിതാക്കളോടൊപ്പം പഞ്ച്കുലയിലേക്ക് താമസം മാറിയത്. പിന്നീട് അവിടെവച്ച് പങ്കാളിയായ റീനയുമായി വിവാഹിതനായി. ബഡ്ഡിയിലെ സ്ക്രാപ് പ്രോസസിങ് യൂണിറ്റിൽ 2008ലുണ്ടായ നഷ്ടത്തോടെയാണ് സാമ്പത്തിക ബാധ്യതകൾക്ക് തുടക്കമായതെന്ന് പ്രവീണിന്‍റെ ബന്ധുക്കൾ പറയുന്നു. പരിശ്രമിച്ചെങ്കിലും ബിസിനസ് തിരിച്ചുപിടിക്കാൻ പ്രവീണിനായില്ല. 12 മുതൽ 15 കോടി വരെ ബാധ്യത ഉയർന്നതോടെ ഫാക്ടറിയും മറ്റ് സ്വത്തുക്കളും ബാങ്ക് പിടിച്ചെടുത്തു.
ഇതോടെ കുടുംബത്തിൽ നിന്നകന്ന പ്രവീൺ എട്ടുവർഷത്തോളം അവരിൽനിന്ന് അകന്നുകഴിഞ്ഞു. 2014ൽ, പ്രവീൺ ഡെറാഡൂണിലുണ്ടെന്ന വിവരം വീട്ടുകാർക്ക് ലഭിച്ചു. പിന്നീട് പതിയെ പതിയെ അവർ പ്രവീണുമായി ബന്ധപ്പെടാനാരംഭിച്ചു. ഏതാനും കുടുംബ സംഗമങ്ങളിൽ പരസ്പരം കണ്ടുമുട്ടി. ഇതിനിടെ പ്രവീൺ ഡെറാഡൂണിൽ ടൂർ ആൻഡ് ട്രാവൽ കമ്പനിക്ക് തുടക്കമിട്ടിരുന്നു. എന്നാൽ വൈകാതെ ഇതും അടച്ചുപൂട്ടേണ്ട സ്ഥിതിയായെന്നും ബന്ധുക്കൾ പറയുന്നു. ഇതിനു ശേഷമാണ് പഞ്ച്കുലയിൽ വീട്ടുകാർക്കൊപ്പം താമസമാരംഭിച്ച് ഡ്രൈവർ ജോലിയിൽ ഏർപ്പെട്ടത്.
അതേസമയം കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ കാർ ഡെറാഡൂൺ സ്വദേശിയായ ഗംഭീർ സിങ് നേഗിയുടെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്ന് പൊലീസ് അറിയിച്ചു. വാഹനം സ്ഥിരമായി പ്രവീൺ ഉപയോഗിക്കുന്നതാണെന്ന് നേഗി പൊലീസിനെ അറിയിച്ചു. കാറിനുള്ളിൽനിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു പ്രതിസന്ധി ഘട്ടത്തിൽ പ്രവീണിനെ സഹായിക്കാൻ ആരുമെത്തിയില്ലെന്നും മാനസിക പിന്തുണ നൽകിയിരുന്നെങ്കിൽ ആത്മഹത്യ ചെയ്യാനുള്ള കടുത്ത തീരുമാനത്തിൽനിന്ന് പിന്മാറാൻ സാധ്യതയുണ്ടായിരുന്നുവെന്നും വിമർശനമുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056, 0471-2552056)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.