പ്രതീകാത്മക ചിത്രം (എ.ഐ നിർമിതം)
മംഗളൂരു: കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അംബിക നഗറിൽ നാലു വയസുള്ള മകൾക്കൊപ്പം തൂങ്ങിമരിക്കാൻ ഒരുങ്ങിയ യുവാവിനെ പൊലീസ് രക്ഷിച്ചു. ഭാര്യയുമായി പിണങ്ങിയാണ് രാജേഷ് എന്ന 35കാരൻ സാഹസത്തിന് മുതിർന്നത്.
പണമ്പൂർ, കാവൂർ പൊലീസ് സംഘങ്ങൾ പുലർത്തിയ ജാഗ്രത ഇരുവരേയും മരണക്കയറിൽ നിന്ന് അകറ്റി. ഏഴ് വർഷം മുമ്പ് വിവാഹിതനായ രാജേഷ് ദാമ്പത്യജീവിതത്തിൽ അസ്വസ്ഥതകൾ അനുഭവിച്ചിരുന്നു. ഭാര്യയുമായി വഴക്കിട്ട് രാജേഷ് മകളേയും എടുത്ത് വീടുവിട്ടു. തണ്ണീർഭവി കടൽത്തീരത്തേക്കാണ് ആദ്യം പോയത്.
"നമുക്ക് രണ്ടുപേർക്കും മരിക്കാം" എന്ന് പറയുന്ന വിഡിയോ റെക്കോർഡുചെയ്‌ത് ബന്ധുക്കളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കിട്ടു. കടൽത്തീരത്തേക്ക് നടക്കുമ്പോൾ തുളുവിൽ സംസാരിക്കുന്ന ആ വിഡിയോയിൽ ‘നമുക്ക് മരിക്കണ്ടപ്പാ..’ എന്ന് മകൾ കെഞ്ചുന്നത് കേൾക്കാം. കുടുംബ ഗ്രൂപ്പുകളിലൂടെ വിഡിയോ പണമ്പൂർ പൊലീസിൽ എത്തി.
പണ്ണമ്പൂർ ബീച്ചിനടുത്തായിരിക്കാമെന്ന് സംശയിച്ച് പണമ്പൂർ പൊലീസ് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ആളെയോ കുട്ടിയെയോ കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. തുടർന്ന് തണ്ണീർഭവി ബീച്ചിലേക്ക് തിരച്ചിൽ വ്യാപിപ്പിച്ചെങ്കിലും അവിടേയും സൂചന ഇല്ലായിരുന്നു. സൈബർ ക്രൈം പൊലീസ് സഹായത്തോടെ മൊബൈൽ ടവർ പിന്തുടർന്ന് രാജേഷ് കാവൂരിലെ ശാന്തിനഗറിലാണെന്ന് തിരിച്ചറിഞ്ഞു.
പണമ്പൂർ പൊലീസ് ഉദ്യോഗസ്ഥരായ ഫക്കീരപ്പ, ശരണപ്പ, രാകേഷ് എന്നിവർ സ്ഥലം തിരിച്ചറിഞ്ഞ് വീട്ടിൽ എത്തിയെങ്കിലും അകത്തു നിന്ന് പൂട്ടിയിരുന്നു. മുട്ടി വിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായില്ല. പൊലീസ് വാതിൽ പൊളിച്ച് അകത്തുകടന്നപ്പോൾ കുരുക്കുകൾ കഴുത്തിലിടാൻ ഒരുങ്ങുകയായിരുന്നു രാജേഷ്.
ഇരുവരെയും രക്ഷപ്പെടുത്തി കാവൂർ പൊലീസിന് കൈമാറി. രാജേഷിന് കൗൺസിലിങ് നൽകി പിന്നീട് വീട്ടിലേക്ക് അയച്ചു. തുടർന്ന് ഭാര്യാഭർത്താക്കന്മാരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഉദ്യോഗസ്ഥർ മധ്യസ്ഥത വഹിക്കുകയും ഉപദേശിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.