ന്യൂഡൽഹി: പാൻ മസാലയുടെ പാക്കേജിങ്ങിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള സിന്തറ്റിക് വസ്തുക്കളുടെ ഉപയോഗം നിരോധിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ. പുതിയ ചട്ടപ്രകാരം പാൻ മസാല പാക്ക് ചെയ്യാൻ പ്ലാസ്റ്റിക് രഹിത പേപ്പർ, പേപ്പർബോർഡ്, സെല്ലുലോസ് തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കളോ ടിൻ, ഗ്ലാസ് കണ്ടെയ്‌നറുകളോ മാത്രമേ ഉപയോഗിക്കാനാകൂ.
പാക്കേജിങ്ങിൽ പോളിത്തീൻ, പോളിപ്രൊപ്പിലീൻ, പോളിസ്റ്റർ, പി.വി.സി തുടങ്ങിയ പ്ലാസ്റ്റിക്കുകൾക്കൊപ്പം സിന്തറ്റിക് പോളിമറുകൾ, കോപോളിമറുകൾ, ലാമിനേറ്റഡ് വസ്തുക്കൾ എന്നിവയും അനുവദിക്കില്ല. അലുമിനിയം ഫോയിലും മെറ്റലൈസ്ഡ് ലെയറുകളും നിരോധിത പട്ടികയിലുണ്ട്.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പാക്കേജിങ്) ഭേദഗതി റെഗുലേഷന്‍സ് പ്രകാരമാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഉത്തരവ് ഗസറ്റില്‍ പ്രസിദ്ധീകരിച്ച തീയതി മുതല്‍ പ്രാബല്യത്തില്‍ വന്നു.
പ്ലാസ്റ്റിക് മാലിന്യം കുറക്കുന്നതിനൊപ്പം ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തുകയാണ് നടപടിയുടെ ലക്ഷ്യം. നിലവിൽ പാൻ മസാല വിപണിയിൽ വ്യാപകമായി ഉപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക് സാഷെ പാക്കറ്റുകൾക്ക് പുതിയ ചട്ടം ബാധകമാകും. പാൻ മസാല നിർമാതാക്കൾക്ക് പാക്കേജിങ് രീതികൾ മാറ്റേണ്ടിവരും. പേപ്പർ അധിഷ്ഠിത പാക്കേജിങ്ങിലേക്ക് മാറുന്നതിനൊപ്പം ടിൻ, ഗ്ലാസ് കണ്ടെയ്‌നറുകളും ഉപയോഗിക്കാം. 2016ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് റൂള്‍സ് മാനദണ്ഡങ്ങള്‍ പാന്‍ മസാല പാക്കേജിങ്ങിനും ബാധകമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.