ഇന്തോ പാക്​ അതിർത്തിൽ ജനിച്ച കുഞ്ഞിന്​ 'ബോർഡർ' എന്ന പേരിട്ട്​ പാക്​ ദമ്പതികൾ

ഛണ്ഡീഗഡ്​: ഇന്തോ പാക്​ അതിർത്തിൽ ജനിച്ച കുഞ്ഞിന്​ 'ബോർഡർ' എന്ന പേരു നൽകി പാക്​ ദമ്പതികൾ. ഇന്തോ -പാക്​ അതിർത്തിയായ അട്ടാരിയിൽ ഡിസംബർ രണ്ടിനായിരുന്നു​ കുഞ്ഞ​ിന്‍റെ ജനനം.

71 ദിവസമായി 98 പാകിസ്​താൻ പൗരന്മാർക്കൊപ്പം അട്ടാരി അതിർത്തിയിലായിരുന്നു നിംപു ബായ്​യുടെയും ബലാംറാമിന്‍റെയും താമസം. പഞ്ചാബ്​ പ്രവിശ്യയിലെ രാജൻപൂർ ജില്ലയാണ്​ ഇവരുടെ സ്വദേശം. ഇന്തോ പാക്​ അതിർത്തിയിൽവെച്ച്​ ജനിച്ചതിനാലാണ്​ കുഞ്ഞി​ന്​ 'ബോർഡർ' എന്ന പേരു നൽകിയതെന്ന്​ മാതാപിതാക്കൾ പറയുന്നു.

ലോക്​ഡൗണിന്​ മുമ്പ്​ ബന്ധുക്കളെ കാണുന്നതിനും തീർഥാടനത്തിനുമായാണ്​ ഇവർ ഇന്ത്യയിലെത്തിയത്​. എന്നാൽ, ആവശ്യമായ രേഖകൾ ഇല്ലാത്തതിനാൽ ഇവർക്ക്​ മടങ്ങാൻ കഴിഞ്ഞില്ല.

ദിവസങ്ങളായി അതിർത്തിയിൽ താമസമാക്കിയ നിംപു ബായിക്ക്​ വ്യാഴാഴ്ച പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. പഞ്ചാബിലെ തൊട്ടടുത്ത ഗ്രാമങ്ങളിൽനിന്നുള്ള സ്​ത്രീകളെത്തി നിംപു​വിന്​ ആവശ്യമായ സഹായങ്ങൾ നൽകി. കൂടാതെ മെഡിക്കൽ സഹായങ്ങളും നൽകി.

സംഘത്തിൽ 47 പേർ കുട്ടികളാണ്​. ഇതിൽ ആറുപേർ ജനിച്ചത്​ ഇന്ത്യയിലും. ഒരു വയസിൽ താഴെയുള്ളവരാണ്​ ഇവരെല്ലാവരും. ഇവരിൽ ഒരാളുടെ പേര്​ ഭാരത്​ എന്നാണ്​. 2020ൽ ​ജോധ്​പൂരിൽ ജനിച്ചതിനാലാണ്​ കുഞ്ഞിന്​ ഭാരത്​ എന്ന പേരു നൽകിയതെന്ന്​ പിതാവ്​ ലാഗ്യ റാം പറയുന്നു. ജോധ്​പൂരിൽ സഹോദരനെ കാണാനെത്തിയതാണ്​ ലാഗ്യ. എന്നാൽ പിന്നീട്​ തിരിച്ചുപോകാൻ കഴിഞ്ഞില്ല.

അട്ടാരി അന്താരാഷ്ട്ര ചെക്ക്​ പോസ്റ്റിന്​ സമീപത്തെ പാർക്കിങ്​ ഗ്രൗണ്ടിൽ ടെന്‍റ്​ കെട്ടിയാണ്​ ഇവരുടെ താമസം. ഇവർക്ക്​ ഭക്ഷണവും മരുന്നും വസ്​ത്രങ്ങളും പ്രദേശവാസികൾ നൽകുന്നുണ്ട്​.

Tags:    
News Summary - Pakistani woman delivers baby at Attari border names him Border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.