ന്യൂഡൽഹി: അതിർത്തിയിൽ വീണ്ടും പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനം. യഥാർഥ നിയന്ത്രണരേഖയിൽ കുപ്‍വാര, ഉറി, അഖിനൂർ സെക്ടറുകളിലാണ് പാകിസ്താൻ വെടിവെപ്പുണ്ടായത്. തുടർച്ചയായ ഏഴാം ദിവസമാണ് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. ഇതിന് ഇന്ത്യൻ സൈന്യം മറുപടി നൽകുകയും ചെയ്തു.
പ്രകോപനമില്ലാതെ ഉറി, അഖനൂർ, കുപ്‍വാര എന്നി മേഖലകളിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നും ഇതിന് ഇന്ത്യൻ സൈന്യം മറുപടി നൽകിയെന്ന് പ്രതിരോധ വകുപ്പ് പി.ആർ.ഒ ലഫ്റ്റനന്റ് കേണൽ സുനീർ ബാർത്‍വാൽ പറഞ്ഞു. കഴിഞ്ഞ ദിവസം യഥാർഥ നിയന്ത്രണരേഖയിൽ നൗഷേരയിൽ പാകിസ്താൻ ആർമി പോസ്റ്റുകളിൽ നിന്ന് ഒരു പ്രകോപനവും ഉണ്ടാകാതെ വെടിവെപ്പുണ്ടായെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചിരുന്നു. നൗഷേരക്ക് പുറമേ സുന്ദർബാനി, അഖ്നൂർ സെക്ടറുകളിലും വെടിനിർത്തൽ കരാർ ലംഘനമുണ്ടായിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിൽ സംഘർഷസാധ്യത നിലനിൽക്കുകയാണ്. ഇതിനെ തുടർന്ന് നിരന്തരമായി പാകിസ്താൻ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താന് സൈനിക തിരിച്ചടി നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനാ മേധാവികൾക്ക് പൂർണ സ്വാതന്ത്ര്യം നൽകിയതിനുപിന്നാലെ ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘർഷവും യുദ്ധവുമൊഴിവാക്കാൻ ഐക്യരാഷ്ട്ര സഭ(യു.എൻ)യും വിദേശ രാജ്യങ്ങളും മാധ്യസ്ഥ നീക്കത്തിൽ. അടുത്ത 24-36 മണിക്കൂറിനുള്ളിൽ ഇന്ത്യ തങ്ങൾക്കെതിരെ സൈനിക നടപടിക്ക് പദ്ധതിയിടുന്നുവെന്ന് വിശ്വസനീയമായ രഹസ്യാന്വേഷണ വിവരം പക്കലുണ്ടെന്ന് പാകിസ്താൻ അവകാശപ്പെട്ടതിനിടെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇരു രാജ്യങ്ങളുമായി ഫോണിൽ സംസാരിച്ചു. ഇതുകൂടാതെ യു.എസും സൗദിയും സംഘർഷാവസ്ഥ ലഘൂകരിക്കാൻ മാധ്യസ്ഥനീക്കം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.