പഹൽഗാം ആക്രമണം: അടച്ചുപൂട്ടിയ അട്ടാരി-വാഗ അതിർത്തി വീണ്ടും തുറന്ന് പാകിസ്താൻ

പഞ്ചാബ്: പഹൽഗാം ആക്രമണത്തെത്തുടർന്ന് ഇന്ത്യ നാടുകടത്തിയ പാകിസ്താൻ പൗരന്മാരെ തിരിച്ചെത്തിക്കാൻ അനുവദിച്ചുകൊണ്ട് അട്ടാരി-വാഗ അതിർത്തി വീണ്ടും തുറന്ന് പാകിസ്താൻ. ഡസൻ കണക്കിന് പാക് പൗരന്മാർക്ക് മടങ്ങാൻ അനുമതി നൽകുന്നതാണ് നീക്കം. ഇന്നലെ അതിർത്തിയിൽ ചെറിയ സംഘർഷം ഉണ്ടായിരുന്നു. പാക് പൗരൻമാർക്ക് അതിർത്തി വിടാൻ ഇന്ത്യ സൗകര്യമൊരുക്കിയിട്ടും സ്വന്തം പൗരന്മാരെ സ്വീകരിക്കാൻ പാകിസ്താൻ വിസമ്മതിച്ചിരുന്നു. മൂന്ന് ഡസനിലധികം പാകിസ്താൻ പൗരന്മാരാണ് ഇതുകാരണം അനിശ്ചിതത്വത്തിലായത്. പാകിസ്താൻ ഭാഗത്തെ ഗേറ്റുകൾ അടച്ചിരിക്കുന്നതിനാൽ അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിൽ പലരും കുടുങ്ങി.

സാധുവായ രേഖകൾ കൈവശം വെച്ചിരിക്കുന്ന പാകിസ്താൻ പൗരന്മാർക്ക് സുഗമമായ യാത്ര സൗകര്യം ഇന്ത്യൻ അധികൃതർ ഒരുക്കിയിരുന്നു. ഇസ്ലാമാബാദ് അതിർത്തി തുറക്കാത്ത കാരണം കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള കുടുംബങ്ങൾ അതിർത്തിയിൽ കുടുങ്ങി. പ്രവേശനം നിഷേധിച്ചതിനെക്കുറിച്ച് പാകിസ്താനിൽ നിന്ന് ഔദ്യോഗിക വിശദീകരണവും ഉണ്ടായിരുന്നില്ല.

26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഹ്രസ്വകാല വിസയിലുള്ള പാകിസ്താൻ പൗരന്മാർ രാജ്യം വിടണമെന്ന് ഇന്ത്യ നിർദ്ദേശിച്ചിരുന്നു. ഇതിനെത്തുടർന്ന് അട്ടാരി-വാഗ അതിർത്തിയിൽ അടച്ചുപൂട്ടലിന് മുമ്പുള്ള ആഴ്ചയിൽ വൻ തിരക്കും അനുഭവപ്പെട്ടു. ഇന്ന് ഗേറ്റുകൾ വീണ്ടും തുറന്നത് അതിർത്തിയിൽ കുടുങ്ങിയവർക്ക് ആശ്വാസം നൽകി. എപ്പോൾ മടങ്ങാൻ കഴിയും എന്നതിനെക്കുറിച്ച് കഴിഞ്ഞ രാത്രി അവർക്ക് അനിശ്ചിതത്വമുണ്ടായിരുന്നു.

സാധുവായ അനുമതിയോടെ പുറത്തുകടക്കാൻ അനുവദിക്കുക എന്ന നയം ഇന്ത്യൻ വിഭാഗം നിലനിർത്തിയിട്ടും ഇസ്ലാമാബാദിൽ നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഇല്ലാതെയാണ് അതിർത്തി വീണ്ടും തുറന്നത്. അതിർത്തി കടന്നുള്ള യാത്രകൾ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും നയതന്ത്ര സംഘർഷങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ അടച്ചുപൂട്ടലിനെക്കുറിച്ചോ അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചോ പാകിസ്താനിൽ നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല

Tags:    
News Summary - Pakistan Reopens Attari-Wagah Border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.