ബിഷ്കേക്: രാജ്യാന്തര മധ്യസ്ഥതയിൽ ഇന്ത്യയുമായി ചർച്ചയാകാമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. കിർഗിസ് താനിലെ ബിഷ്കേകിൽ ഷാങ്ഹായ് സഹകരണ കൂട്ടായ്മ (എസ്.സി.ഒ) ഉച്ചകോടിക്കിടെ റഷ്യൻ വാർത്താ ഏജൻസി സ്പുട്നിക് ന്യൂസ ിന് നൽകിയ അഭിമുഖത്തിലാണ് ഇംറാൻ പാക് നിലപാട് വ്യക്തമാക്കിയത്.
അയൽരാജ്യമായ ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ പാകിസ്താൻ തയാറാണെന്ന് ഇംറാൻ പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ചക്ക് ആഗ്രഹിക്കുന്നു. സൈനിക നടപടികളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് ബുദ്ധിശൂന്യതയാണ്.
അനാവശ്യമായി ആയുധങ്ങൾ വാങ്ങികൂട്ടാൻ പാക് ഭരണകൂടം ആഗ്രഹിക്കുന്നില്ല. ആയുധങ്ങൾക്ക് പകരം ജനങ്ങളുടെ വികസനത്തിനായി കൂടുതൽ പണം ഇരുരാജ്യങ്ങൾക്കും ചെലവഴിക്കാൻ കഴിയും. ഇക്കാര്യങ്ങൾ ചർച്ചയിലൂടെ സാധ്യമാകണമെന്നും ഇംറാൻ ഖാൻ വ്യക്തമാക്കി.
ഇരുരാജ്യങ്ങൾ തമ്മിൽ മൂന്നു യുദ്ധങ്ങൾ നടന്നുവെന്നും ഇരുവിഭാഗത്തിനും ഏറെ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ഇംറാൻ ചൂണ്ടിക്കാട്ടി. ലോകത്ത് ദാരിദ്യ്രം നേരിടുന്നവരുടെ പട്ടികയിൽ ഇന്ത്യൻ ഉപഭൂണ്ഡവും ഉൾപ്പെടുന്നു. ജനങ്ങൾക്ക് ഭീഷണിയായ ദാരിദ്യ്രം ഇല്ലാതാക്കാൻ പണം ചെലവഴിക്കണമെന്നാണ് തന്‍റെ നിലപാട്.
അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണം. കശ്മീർ വിഷയത്തിലാണ് ഇന്ത്യയുമായുള്ള പ്രധാന അഭിപ്രായ ഭിന്നത. ഇരുരാജ്യങ്ങളുടെ നേതാക്കളും ഭരണകൂടങ്ങളും തീരുമാനിക്കുകയാണെങ്കിൽ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും. എന്നാൽ, നിലവിൽ ഇരുരാജ്യങ്ങൽ തമ്മിലുള്ള ബന്ധം ശുഭകരമല്ല.
തെരഞ്ഞെടുപ്പിൽ നേടിയ മികച്ച വിജയം ഇന്ത്യൻ പ്രധാനമന്ത്രി പരസ്പര ബന്ധം ശക്തിപ്പെടുത്താനും ഉപഭൂഖണ്ഡത്തിലെ സമാധാനത്തിനും വേണ്ടി ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ഇംറാൻ അഭിമുഖത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.