ഇന്ത്യയെ പ്രകോപിപ്പിച്ച് തിരിച്ചടി ഏറ്റുവാങ്ങി, എന്നിട്ടും വ്യോമപാത അടച്ചില്ല; യാത്രാ വിമാനത്തെ കവചമാക്കി പാകിസ്താന്‍റെ നാണംകെട്ട നീക്കം

ന്യൂഡൽഹി: ഇന്നലെ ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണ നീക്കം നടത്തിയിട്ടും പാകിസ്താൻ തങ്ങളുടെ വ്യോമപാത അടച്ചില്ല. ആക്രമണ സമയത്ത് പാക് വ്യോമപാതയിലൂടെ രണ്ട് യാത്രാവിമാനങ്ങളാണ് കടന്നുപോയതെന്ന് കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതിന്‍റെ തെളിവുകളും ഇവർ പങ്കുവെച്ചു. ഇന്ത്യ തിരിച്ചടിക്കുമ്പോൾ അത് യാത്രാ വിമാനങ്ങൾക്കു നേരെയാകാൻ വേണ്ടിയുള്ള ​നീചമായ നീക്കമാണ് പാകിസ്താൻ നടത്തിയത്.

ജമ്മു, പത്താൻകോട്ട്, ഉദംപൂർ എന്നീ സൈനിക കേന്ദ്രങ്ങൾക്ക് നേരെയാണ് ഇന്നലെ പാകിസ്താൻ ആക്രമണ നീക്കം നടത്തിയത്. എന്നാൽ, പാക് മിസൈലുകളെയും ഡ്രോണുകളെയും ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം കൃത്യമായി തകർത്തു.

പാക് ആക്രമണങ്ങളെ പ്രതിരോധിക്കുന്ന സമയത്ത് ഇതുമായി ബന്ധപ്പെട്ട ഇന്ത്യൻ വ്യോമമേഖല അടച്ചിരുന്നുവെന്ന് കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. യാത്രാ വിമാനങ്ങൾക്ക് അപകടസാധ്യതയുണ്ടാകാതിരിക്കാനായിരുന്നു ഇത്. എന്നാൽ പാകിസ്താൻ തങ്ങളുടെ വ്യോമമേഖല തുറന്നിട്ടു. ആക്രമണ സമയത്ത് കറാച്ചിക്കും ലഹോറിനുമിടയിൽ രണ്ട് യാത്രാവിമാനങ്ങളാണ് പറന്നത്.

 

'ഇന്ത്യക്ക് നേരെയുള്ള ആക്രമണത്തിന് വേഗത്തിൽ വ്യോമപ്രതിരോധ പ്രതികരണമുണ്ടാകുമെന്ന് പാകിസ്താന് നന്നായി അറിയാമായിരുന്നു. എന്നാൽ, സിവിൽ വിമാനങ്ങളെ ഒരു കവചമായി ഉപയോഗിക്കുകയാണ് പാകിസ്താൻ ചെയ്തത്. അന്താരാഷ്ട്ര യാത്രാ വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ഇന്ത്യൻ വ്യോമസേന കൃത്യമായ സംയമനം പാലിച്ചുകൊണ്ടാണ് പാകിസ്താന് മറുപടി നൽകിയത്' -വിങ് കമാന്‍ഡര്‍ വ്യോമിക സിങ് പറഞ്ഞു. ഫ്ലൈറ്റ് റഡാർ 24ൽ നിന്നുള്ള വിവരങ്ങളും ഇവർ പങ്കുവെച്ചു.

ഇന്നലെ രാത്രിയിലെ ആക്രമണ സമയത്ത് ഒരു ആഭ്യന്തര വിമാനവും ഒരു അന്താരാഷ്ട്ര വിമാനവുമായിരുന്നു അതിർത്തിയോട് ചേർന്ന പാക് വ്യോമമേഖലയിൽ ഉണ്ടായിരുന്നത്. ഇന്ത്യയുടെ തിരിച്ചടി യാത്രാ വിമാനങ്ങൾക്ക് നേരെയാക്കാനുള്ള പദ്ധതിയാണ് പാകിസ്താൻ നടപ്പാക്കിയതെന്നാണ് വിലയിരുത്തൽ. എന്നാൽ, ഇന്ത്യൻ വ്യോമസേനയുടെ ജാഗ്രത പാക് നീക്കത്തെ നിഷ്പ്രഭമാക്കി. 

Tags:    
News Summary - Pak used civilian planes as shield, didn't close airspace during attack: Government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.