പുറത്താക്കപ്പെട്ട പാക് ഉദ്യോഗസ്ഥന്‍െറ മൊഴി; ചാരവൃത്തിയില്‍ 16 പേര്‍കൂടി

ന്യൂഡല്‍ഹി: അതിര്‍ത്തി സുരക്ഷാ സേനയുമായി (ബി.എസ്.എഫ്) ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയതിനു പിന്നില്‍ കൂടുതല്‍ പേരുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ന്യൂഡല്‍ഹിയിലെ പാക് ഹൈകമീഷന്‍ ഓഫിസ് കേന്ദ്രീകരിച്ച് ചാരവൃത്തി നടത്തിയതിന് പുറത്താക്കപ്പെട്ട പാക് ഉദ്യോഗസ്ഥന്‍ മഹ്മൂദ് അഖ്തര്‍ തന്നോടൊപ്പം 16 പേര്‍ കൂടിയുണ്ടായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

കഴിഞ്ഞയാഴ്ചയാണ് ഇയാളെ പിടികൂടിയതും 48 മണിക്കൂറിനകം രാജ്യം വിട്ടുപോകാന്‍ നിര്‍ദേശിച്ചതും. അതിന് മുമ്പായി ഡല്‍ഹി പൊലീസും ഇന്‍റലിജന്‍സും അഖ്തറിനെ ചോദ്യംചെയ്തിരുന്നു. രണ്ടര വര്‍ഷമായി സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയിരുന്നുവെന്ന് അഖ്തര്‍ സമ്മതിച്ചതായി ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഈ കൃത്യത്തില്‍ മറ്റു 16 പേര്‍കൂടിയുണ്ടായിരുന്നു. ഇയാളുടെ മൊഴി പൊലീസ് പരിശോധിച്ചുവരുകയാണ്.

ഇത് ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യം ഉടന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. അതിനിടെ, അഖ്തറില്‍നിന്ന് ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ രാജസ്ഥാനിലെ വിവിധ ഭാഗങ്ങളില്‍ ക്രൈംബ്രാഞ്ച് സംഘത്തിന്‍െറ റെയ്ഡ് തുടരുകയാണ്. അഖ്തറിനൊപ്പം രാജസ്ഥാന്‍ സ്വദേശികളായ മൂന്നു പേര്‍കൂടി പിടിയിലായിരുന്നു.

ഇവരെ സഹായിച്ചുവെന്നു കരുതുന്ന അര്‍ധസൈനിക വിഭാഗത്തിലെ ഏതാനും ഉദ്യോഗസ്ഥര്‍ ഉടന്‍ അറസ്റ്റിലാകുമെന്നാണ് വിവരം. അതേസമയം, രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

 

Tags:    
News Summary - pak high commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.