പാക്കറ്റ് ഫുഡ് വില കുറയും; ഒന്ന്, രണ്ട്, അഞ്ച്, പത്ത് രൂപയുടെ ചെറിയ പാക്കറ്റുകൾക്ക് വില കുറയില്ല; പകരം അളവ് കൂട്ടും

ന്യൂഡൽഹി: കവറിലാക്കിയ ഭക്ഷ്യ വസ്തുക്കൾക്കെല്ലാം വിലകുറയ്ക്കാൻ തയ്യാറാണെന്ന് വൻകിട വ്യാപാരികൾ ഭക്ഷ്യമന്ത്രി ചിരാഗ് പസ്വാനുമായുള്ള കൂടിക്കാഴ്ചയിൽ സമ്മതിച്ചു. വളരെയധികം ഭക്ഷ്യ വസ്തുക്കളുടെ ജി.എസ്.ടി ഗവൺമെൻറ് അഞ്ചു ശതമാനമായി കുറച്ചിട്ടുണ്ട്.

ഒന്ന്, രണ്ട്, അഞ്ച്, പത്ത് രൂപയുടെ ചെറിയ പാക്കറ്റുകൾക്ക് വില കുറയ്ക്കാൻ കഴിയാത്തതിനാൽ അതിന്റെ അളവ് വർധിപ്പിക്കാമെന്നും വ്യാപാരികൾ സമ്മതിച്ചു. നാണയങ്ങളുടെ ലഭ്യതയെ ബാധിക്കുമെന്നതിനാലാണ് ഇവയുടെ വില വർധിപ്പിക്കാൻ കഴിയാത്തത്.

അതേസമയം ഭക്ഷ്യവസ്തുക്കളുടെ അസംസ്കൃത വസ്തുക്കൾ സംഭരിക്കുന്നതിനും കയറ്റിയറക്കി കൊണ്ടുപോകുന്നതിനുമുള്ള ജി.എസ്.ടി ഇപ്പോഴും 18 ശതമാനത്തിൽ തന്നെ നിൽക്കുന്നതിൽ ഇവർ ആശങ്ക പ്രകടിപ്പിച്ചു. ജി.എസ്.ടി വെട്ടിക്കുറച്ചതിലൂടെ ഏറ്റവും അധികം ഗുണം കിട്ടുന്നത് ഭക്ഷ്യവ്യാപാര രംഗത്താണെന്ന് വ്യാപാരികളുമായുള്ള വട്ടമേശ സമ്മേളത്തിനു ശേഷം മന്ത്രി പസ്വാൻ പറഞ്ഞു.

ഉത്പന്നങ്ങളുടെ നിലവാരം നല്ല രീതിയിൽത്തന്നെ നിലനിർത്തി ഈ ആനുകൂല്യം ജനങ്ങൾക്ക് നൽകാൻ വ്യാപാരികൾ തയ്യാറാകണമെന്നും മന്ത്രി നിർദ്ദേശിച്ചു. അതുവഴി കർഷകർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം  പറഞ്ഞു.

ചെറിയ നാണയങ്ങളുടെ ലഭ്യതയ്ക്കനുസരിച്ച് തയ്യാറാക്കായിട്ടുള്ള ചെറിയ പാക്കറ്റുകളുടെ വില ധാരാളമായി പ്രിൻറ് ചെയ്യപ്പെടുന്നതിനാൽ അവ മാറ്റി പ്രിൻറ് ചെയ്യുന്നതിലെ ബുദ്ധിമുട്ടും മറ്റും വ്യാപാരികൾ മന്ത്രിയെ ബോധ്യപ്പെടുത്തി. എന്നാൽ ഇവയിലെ പ്രോഡക്ടിന്റെ അളവ് വർധിപ്പിച്ച് ഉപഭോക്താക്കൾക്ക് ഗുണപരമായി മാറ്റാൻ ശ്രമിക്കുമെന്ന് വ്യാപാരികൾ മന്ത്രിയോടു പറഞ്ഞു.

അതുപോലെ ബിവറേജുകളുടെ കുപ്പികളിൽത്തന്നെ വില പ്രിൻറ് ചെയ്തിട്ടുള്ളതിനാൽ അവ മാറ്റാൻ നിർവാഹമില്ലെന്നും പകരം അതു സംബന്ധിച്ച അറിയിപ്പ് വെബ്സൈറ്റ് വഴിയും മറ്റും അറിയിക്കാമെന്നും വ്യാപാരികൾ സമ്മേളനത്തിൽ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.