ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട കോൺഗ്രസിനും ആംആദ്മി പാർട്ടിക്കും ഇരട്ട പ്രഹരമായി അസദുദ്ദീൻ ഉവൈസിയുടെ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ (എ.ഐ.എം.ഐ.എം) സ്ഥാനാർഥികൾ. ഓഖ്‍ല, മുസ്തഫാബാദ് മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികളെ നാലാം സ്ഥാനത്തേക്ക് തള്ളി എ.ഐ.എം.ഐ.എം മൂന്നാംസ്ഥാനത്തെത്തി. ഷിഫ ഉർ റഹ്മാൻ ഖാൻ (ഓഖ്‍ല), താഹിർ ഹുസൈൻ (മുസ്തഫാബാദ്) എന്നിവരാണ് ഇവിടെ എ.ഐ.എം.ഐ.എമ്മിനെ പ്രതിനിധീകരിച്ചത്. ആരിബ ഖാൻ, അലി മെഹ്ദി എന്നിവരായിരുന്നു കോൺഗ്രസ് സ്ഥാനാർഥികൾ.
പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം അടിച്ചമർത്താൻ 2020ൽ നടന്ന ഡൽഹി കലാപത്തിൽ പ്രതിചേർക്കപ്പെട്ടവരാണ് ഷിഫ ഉർ റഹ്മാൻ ഖാനും താഹിർ ഹുസൈനും. നിലവിൽ ജയിലിൽകഴിയുന്ന ഇരുവർക്കും പ്രചാരണത്തിനായി ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ഇവർക്ക് വേണ്ടി ഉവൈസി ഉൾപ്പെടെയുള്ള എ.ഐ.എം.ഐ.എം നേതാക്കൾ ഓഖ്‌ലയിൽ നിരവധി റോഡ് ഷോകൾ നടത്തിയിരുന്നു.
ഓഖ്‍ലയിൽ 88,943 വോട്ടുകൾ നേടിയ ആം ആദ്മി പാർട്ടി (എ.എ.പി) സ്ഥാനാർഥി അമാനത്തുള്ള ഖാൻ 23,639 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബി.ജെ.പി സ്ഥാനാർഥി മനീഷ് ചൗധരി 65,304 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. എ.ഐ.എം.ഐ.എമ്മിലെ ഷിഫ ഉർ റഹ്മാൻ ഖാൻ 39,558 വോട്ടുകൾ നേടി. കോൺഗ്രസിലെ ആരിബ ഖാന് 12739 വോട്ടുകളാണ് ലഭിച്ചത്. അതേസമയം, ഇവിടെ മത്സരിച്ച സി.പി.ഐ സ്ഥാനാർഥി ഇൻസമാമുൽ ഹസന് വെറും 259 വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
മുസ്തഫാബാദിൽ ബി.ജെ.പിയുടെ മോഹൻ സിങ് ബിഷ്ത് 85,215 വോട്ടുകൾ നേടി വിജയിച്ചു. 67,637 വോട്ടുകൾ നേടിയ എ.എ.പി സ്ഥാനാർഥി അദീൽ അഹമ്മദ് ഖാൻ 17,578 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. അതേസമയം, എ.ഐ.എം.ഐ.എമ്മിന്റെ താഹിർ ഹുസൈൻ 33,474 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. 11,763 വോട്ടാണ് കോൺഗ്രസ് സ്ഥാനാർത്ഥി അലി മെഹ്ദിക്ക് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.