പ്രയാഗ്‌രാജ്: മഹാകുംഭമേളയിൽ വെള്ളിയാഴ്ച വൈകിട്ട് വരെ 50 കോടി ഭക്തർ പുണ്യസ്നാനം ചെയ്തെന്ന് ഉത്തർപ്രദേശ് സർക്കാർ. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ വിശ്വാസിസംഗമമാണ് പ്രയാഗ്‌രാജിലേതെന്നും യു.പി സർക്കാർ പറയുന്നു. 12 വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന മഹാകുംഭമേളക്ക് ജനുവരി 13നാണ് തുടക്കമായത്. ഈ മാസം 26 വരെയാണ് ത്രിവേണിസംഗമത്തിൽ മഹാകുംഭമേള നടക്കുന്നത്.
ജനുവരി 29നുണ്ടായ തിക്കിലുംതിരക്കിലും 30 പേർ മരിച്ച സംഭവമൊഴിച്ചാൽ, മഹാകുംഭമേളയിൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇന്ത്യക്ക് പുറമെ വിദേശത്തുനിന്നും പുണ്യസ്നാനത്തിനായി ആളുകളെത്തുന്നുണ്ട്. വെള്ളിയാഴ്ച മാത്രം 92 ലക്ഷത്തിലേറെ ഭക്തർ പുണ്യസ്നാനം നടത്തിയതായാണ് സർക്കാറിന്‍റെ കണക്ക്.
ഇന്ത്യ, ചൈന എന്നിവയൊഴികെയുള്ള ലോകരാജ്യങ്ങളിലെ ജനസംഖ്യയേക്കാൾ കൂടുതൽ ആളുകൾ തൃവേണിസംഗമത്തിൽ എത്തിയെന്ന് സർക്കാർ അവകാശപ്പെടുന്നു. കുംഭമേള തുടങ്ങുന്നതിനു മുമ്പ് 40 മുതൽ 45 കോടി വരെ ഭക്തർ എത്തുമെന്നായിരുന്നു സർക്കാറിന്‍റെ കണക്കുകൂട്ടൽ. എന്നാൽ നിലവിൽ അതിനെ കടത്തിവെട്ടിയിരിക്കുകയാണ്. മൗനി അമാവാസി ദിനമായ ജനുവരി 29ന് മാത്രം എട്ടുകോടി ഭക്തർ മഹാകുംഭനഗറിലെത്തി. 30 പേർ മരിച്ച അപകടമുണ്ടായതും അതേദിവസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.