ന്യൂഡൽഹി: ബലാത്സംഗ, കൊലപാതക കുറ്റത്തിന് ജയിലിലായി ഇപ്പോൾ പരോളിലിറങ്ങിയ ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന്റെ സത്സംഗ് പരിപാടിയിൽ വിദ്യാർഥികൾ പങ്കെടുത്തതിൽ അന്വേഷണം. പരിപാടിയിൽ വിദ്യാർഥികൾ ഓൺലൈനായി പങ്കെടുക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഉത്തർ പ്രദേശിലെ ഷാജഹാൻപൂർ ജില്ലയിൽ നവംബർ 17നാണ് പരിപാടി സംഘടിപ്പിച്ചത്. സംഭവത്തിൽ പരാതി ഉയർന്നതോടെ പൊലീസ് സ്ഥലത്തെത്തുകയും സംഘാടകരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
300 സ്കൂൾ കുട്ടികൾ യൂനിഫോം ധരിച്ചാണ് പരിപാടിയിൽ പങ്കെടുത്തത്. വിദ്യാർഥികളെ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി അയച്ച സ്കൂളിനെക്കുറിച്ച് അന്വേഷിക്കാൻ പ്രാഥമിക ശിക്ഷാ അധികാരി സുരേന്ദ്ര സിങ് ഉത്തരവിടുകയും ചെയ്തു.
ആൾദൈവം ഗുർമീത് റാം റഹീം സിങ്ങിന് ഹരിയാനയിലെ സുനാരിയ ജയിലിൽനിന്ന് 40 ദിവസത്തേക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ആദംപൂർ ഉപതിരഞ്ഞെടുപ്പിനും പഞ്ചായത്ത് തെരഞ്ഞെടുപ്പിനും മുന്നോടിയായാണ് ഇയാൾക്ക് പരോൾ നൽകിയത്. ഫെബ്രുവരി 20ന് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് 21 ദിവസം ബാക്കിനിൽക്കെ ഗുർമീത് റാം റഹീം മൂന്നാഴ്ചത്തെ അവധിയിൽ ജയിൽ മോചിതനായിരുന്നു.
ദേരയുടെ ആസ്ഥാനമായ സിർസയിലെ ആശ്രമത്തിൽ വച്ച് അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷത്തെ ജയിൽ ശിക്ഷയാണ് ഗുർമീത് സിങ് അനുഭവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.