പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യത്ത് ഒരുവർഷത്തിനിടെ യു.എ.പി.എ കേസിൽ അറസ്റ്റിലായത് 2914 ആളുകളെന്ന് കേന്ദ്രസർക്കാർ. ഇതിൽ ഏറിയ പങ്കും ജമ്മുകാശ്മീർ മേഖലയിൽ നിന്നാണെന്നും പാർലമെന്റിലെ ചോദ്യത്തിനുള്ള മറുപടിയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി.
2023ലെ കണക്കുകളാണ് കേന്ദ്രം പാർലമെന്റിൽ പങ്കുവെച്ചത്. ആകെ 2,914 പേർ അറസ്റ്റിലായതിൽ 1,206 ആളുകൾ (42 ശതമാനം) ജമ്മുകാശ്മീരിൽ നിന്നാണ്.
ഇത്രയധികം അറസ്റ്റുകളുണ്ടായിട്ടും 10 പേരെ മാത്രമാണ് ശിക്ഷിക്കാനായതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 0.8 ശതമാനമെന്ന ശിക്ഷാനിരക്ക് രാജ്യത്തെ തന്നെ കുറഞ്ഞ ഒന്നാണ്.
ക്രമസമാധാന പാലനവും പൊലീസും സംസ്ഥാനങ്ങളുടെ ചുമതലയിൽ പെടുന്നതാണെന്നും നാഷ്നൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) മുഖേന കണക്കുകൾ ക്രോഡീകരിക്കുക മാത്രമാണ് കേന്ദ്രം ചെയ്യുന്നതെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു. അറസ്റ്റുകളും ശിക്ഷയും സംബന്ധിച്ച കണക്കുകൾ എൻ.സി.ആർ.ബി ക്രോഡീകരിക്കുമ്പോൾ, നിലവിൽ ജയിലിൽ കഴിയുന്ന ആളുകളുടെ സംസ്ഥാനം തിരിച്ച കണക്കുകൾ ശേഖരിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജമ്മുകാശ്മീർ കഴിഞ്ഞാൽ കാലയളവിൽ കൂടുതൽ ആളുകൾ അറസ്റ്റിലായത് ഉത്തർപ്രദേശിലാണ്. 1,122 പേരാണ് 2023ൽ സംസ്ഥാനത്ത് യു.എ.പി.എ നിയമപ്രകാരം അറസ്റ്റിലായത്. ഡൽഹിയിൽ 22 പേരും അറസ്റ്റിലായി. സംസ്ഥാനങ്ങളിലെ യു.എ.പി.എ അറസ്റ്റുകളിൽ 66 ശതമാനവും യു.പിയിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ദി അൺലോഫുൾ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, 1967 എന്ന നിയമമാണ് യു.എ.പി.എ എന്ന് ചുരുക്കപേരില്‍ പറയപ്പെടുന്നത്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും ദേശത്തിന്റെ അഖണ്ഡത നിലനിര്‍ത്തുന്നതിനുമായി ദേശീയോദ്ഗ്രഥന കൗണ്‍സില്‍ നിയമിച്ച കമ്മിറ്റി 1963ല്‍ നല്‍കിയ ശിപാര്‍ശപ്രകാരമാണ് ഈ നിയമം അതേവര്‍ഷം ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുന്നത്. ഈ നിയമത്തിലൂടെ ഭരണഘടന ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്യത്തിനുമുള്ള അവകാശം, സമാധാനപരമായും നിരായുധരായും ഒത്തു ചേരാനുള്ള അവകാശം, സംഘടിക്കാനുള്ള അവകാശം എന്നിവക്കുമേല്‍ ഭരണകൂടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള അധികാരം നല്‍കുന്നു. രണ്ടാമത് ഭരണകൂടത്തിന് രാജ്യ സുരക്ഷയുടെ പേരില്‍ ഭരണഘടനക്കും മറ്റ് നിയമങ്ങള്‍ക്കും അതീതമായ അധികാരം നല്‍കുന്നു.
1967ല്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയ ഈ നിയമം അതേവര്‍ഷം ഡിസംബര്‍ 30ന് രാഷ്ട്രപതി ഒപ്പുവച്ചു. 1969, 1972, 1986, 2004, 2008, 2012 എന്നീ വര്‍ഷങ്ങളില്‍ ഈ ബില്ലില്‍ കൂടുതല്‍ കടുപ്പമേറിയ ഭേദഗതികള്‍ വരുത്തുകയുമുണ്ടായി. 2008ലെ ഭേദഗതിക്കു ശേഷമാണ് സാധാരണ നിയമം പോലെ യു.എ.പി.എ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.