‘ജമൈക്കയോളം ജനസംഖ്യ, ഭൂട്ടാനിലെ മൊത്തം ആളുകളുടെ എണ്ണത്തേക്കാൾ മൂന്നിരട്ടി’; ബംഗാളിൽ വോട്ടവകാശം നഷ്ടമായവർ 27 ലക്ഷം

കൊൽക്കത്ത: വോട്ടർ പട്ടിക പരിഷ്കരണത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ 27 ലക്ഷത്തിലധികം പേർക്ക് വോട്ടവകാശം നഷ്ടമായി. എസ്.ഐ.ആർ പ്രക്രിയയുടെ ഭാഗമായുള്ള പരിശോധനയിലൂടെ മാത്രം 27,16,389 പേരെയാണ് പട്ടികയിൽ നിന്ന് നീക്കം ചെയ്തത്. ഒരു രാജ്യത്തിന്റെ ആകെ ജനസംഖ്യക്ക് തുല്യമാണ് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവരുടെ എണ്ണം. ഈ വോട്ടർമാർ ചേർന്ന് ഒരു രാജ്യം രൂപീകരിക്കുകയാണെങ്കിൽ അത് ലോകത്തെ 143-ാമത്തെ വലിയ രാജ്യമായി മാറുമായിരുന്നു എന്നാണ് വിലയിരുത്തുന്നത്.

ജമൈക്കയുടെ മൊത്തം ജനസംഖ്യയ്ക്ക് ഏതാണ്ട് തുല്യമാണിത്. ഭൂട്ടാന്റെ മൊത്തം ആളുകളുടെ എണ്ണത്തേക്കാൾ മൂന്നിരട്ടി. ഈ ആളുകൾ സ്വന്തമായൊരു രാജ്യം രൂപീകരിക്കുകയാണെങ്കിൽ, ലോകത്ത് പൊതുവായി അംഗീകരിക്കപ്പെട്ട 195 രാഷ്ട്രങ്ങളിൽ ലിത്വാനിയ, നമീബിയ, കുവൈത്ത് എന്നീ രാജ്യങ്ങൾക്കൊപ്പം അത് പട്ടികയിൽ ഇടംപിടിക്കും.

സുപ്രീം കോടതിയുടെ ഇടപെടൽ ഉണ്ടാകാത്ത പക്ഷം ഈ 27 ലക്ഷം പേർക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ സാധിക്കില്ല. വ്യാഴാഴ്ച രാത്രിയോടെ തെരഞ്ഞെടുപ്പ് കമീഷൻ ബംഗാളിലെ വോട്ടർ പട്ടിക മരവിപ്പിച്ചു. പട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ടവർക്ക് അപ്പീൽ നൽകാൻ പ്രത്യേക ട്രൈബ്യൂണലുകൾ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഇതുവരെ പരിഗണിച്ചത് കേവലം നാല് അപ്പീലുകൾ മാത്രമാണെന്നത് സ്ഥിതിഗതികളുടെ ഗൗരവം വർദ്ധിപ്പിക്കുന്നതാണ്.

പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെതിരെ അപ്പീൽ നൽകാൻ ട്രൈബ്യൂണലുകൾക്ക് മുന്നിൽ കാത്തുനിൽക്കുന്നതിനിടെ രണ്ട് വോട്ടർമാർ ഹൃദയാഘാതം മൂലം മരണപ്പെടുകയും ചെയ്തിരുന്നു. ഇത് പിന്നീട് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ട്രൈബ്യൂണലുകൾ പ്രവർത്തനസജ്ജമാകാത്തതിൽ മുഖ്യമന്ത്രി മമത ബാനർജിയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടവരിൽ ഭരണഘടനയുടെ ചിത്രകാരനായ നന്ദലാൽ ബോസിന്റെ ചെറുമകൻ സുപ്രബുദ്ധ സെന്നും ഭാര്യ ദീപ സെന്നും ഉൾപ്പെട്ടിരുന്നു. സുപ്രീം കോടതി ഇടപെടലിനെത്തുടർന്ന് ഇവരുടെ പേര് പുനസ്ഥാപിച്ചെങ്കിലും ലക്ഷക്കണക്കിന് സാധാരണക്കാർ ഇപ്പോഴും ആശങ്കയിലാണ്. "എന്റെ പേര് എന്തിനാണ് നീക്കം ചെയ്തതെന്ന് എനിക്കറിയില്ല. ഒരുപക്ഷേ ഞാൻ നന്ദലാൽ ബോസിന്റെ കൊച്ചുമകൻ ആയതുകൊണ്ടോ മാധ്യമങ്ങൾ ഈ വിഷയം ഏറ്റെടുത്തതുകൊണ്ടോ ആയിരിക്കാം ഇപ്പോൾ പേര് തിരികെ നൽകിയത്. പക്ഷേ, ഇതുപോലെ പേര് നഷ്ടപ്പെട്ട ലക്ഷക്കണക്കിന് സാധാരണക്കാരുണ്ട്, അവർക്ക് വേണ്ടി എനിക്ക് സങ്കടമുണ്ട്." സുപ്രബുദ്ധ സെൻ പറഞ്ഞു.

മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മുർഷിദാബാദിലാണ് ഏറ്റവും കൂടുതൽ വോട്ടുകൾ വെട്ടിമാറ്റപ്പെട്ടത്. സംസർഗഞ്ച് മണ്ഡലത്തിൽ മാത്രം 74,755 പേർക്ക് വോട്ടവകാശം നഷ്ടമായി. ആകെ വോട്ടർമാരുടെ 11.9 ശതമാനം പേർ പട്ടികയിൽ നിന്ന് പുറത്തായതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. വിലാസം കണ്ടെത്താനാകാത്തവർ, താമസം മാറിയവർ , പട്ടികയിലുള്ള സ്ഥലത്ത് ഇല്ലാത്തവർ, ഇരട്ടിപ്പുള്ളവർ, മരണപ്പെട്ടവർ എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിലവിൽ വോട്ടർമാരെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

Tags:    
News Summary - Over 27 lakh deleted in Bengal SIR through adjudication alone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.