ന്യൂഡൽഹി: രാജ്യെത്ത 1765 എം.പിമാരും എം.എൽ.എമാരും ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. 2014-17 കാലയളവിലാണ് ഇവർക്കെതിരെ 3816 കേസുകളുള്ളത്. ഉത്തർപ്രദേശിൽനിന്നുള്ളവരാണ് ഏറ്റവും കൂടുതൽ -248. തമിഴ്നാട് -178, ബിഹാർ -144, പശ്ചിമ ബംഗാൾ -139 എന്നീ സംസ്ഥാനങ്ങളിലുള്ളവരാണ് പിന്നീടുള്ളത്. കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ 100ലധികം ജനപ്രതിനിധികൾ ക്രിമിനൽ കേസ് പ്രതികളാണ്.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ 3816 കേസുകളിൽ 771 എണ്ണത്തിൽ മാത്രമാണ് വിചാരണ കഴിഞ്ഞത്. 3,045 കേസുകൾ കെട്ടിക്കിടക്കുകയാണ്. ഉത്തർപ്രദേശിൽ 539ഉം കേരളത്തിൽ 373ഉം തമിഴ്നാട്, ബിഹാർ, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ 300ലധികവും കേസുകൾ കെട്ടിക്കിടക്കുന്നെന്ന് കേന്ദ്ര നിയമമന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ക്രിമിനൽ കേസുകളിൽ പ്രതികളായ ജനപ്രതിനിധികൾക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനും ആക്ടിവിസ്റ്റുമായ അശ്വിനി ഉപാധ്യായ സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കെവ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലെ ബെഞ്ച് കഴിഞ്ഞ ഡിസംബറിലാണ് സർക്കാറിനോട് വിശദീകരണം തേടിയത്. ഇത്തരം കേസുകൾ കൈകാര്യംചെയ്യാൻ പ്രത്യേക കോടതികൾ സ്ഥാപിക്കാനും കേസുകളുടെയും പ്രതികളുടെയും എണ്ണം ശേഖരിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.
ഇതനുസരിച്ച് വിവിധ ഹൈകോടതികളിൽനിന്ന് ശേഖരിച്ച കണക്കാണ് സർക്കാർ സമർപ്പിച്ചത്. എന്നാൽ, പ്രത്യേക കോടതികൾ സ്ഥാപിച്ച് കേസുകളിൽ വേഗം വിചാരണ ചെയ്യണമെന്ന കോടതി ഉത്തരവ് ഇതുവരെ നടപ്പായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.