ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പോരാട്ടം തുടരുമെന്ന് സ്റ്റാലിൻ

ചെന്നൈ: ഹിന്ദി അടിച്ചേൽപ്പിക്കുന്നതിന് കേന്ദ്ര ബി.ജെ.പി നേതൃത്വം നാണംകെട്ട പ്രവർത്തനമാണ് നടത്തുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഹിന്ദി വിരുദ്ധ സമരത്തിന്റെ ഭാഗമായി മരിച്ചവരോടുള്ള ആദരസൂചകമായി നടന്ന ഭാഷാ രക്തസാക്ഷി ദിനാചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാഷയെ ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും ഡി.എം.കെ ചെറുത്തുതോൽപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. "കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ ഭരണം മുതൽ വിദ്യാഭ്യാസം വരെ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നത് പതിവാക്കിയിരിക്കുകയായണ്. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിന് വേണ്ടിയാണ് അധികാരത്തിലെത്തിയതെന്നാണ് ബി.ജെ.പി സർക്കാർ കരുതുന്നത്. ഒരു രാജ്യം, ഒരു മതം, ഒരു തെരഞ്ഞെടുപ്പ്, ഒരു പ്രവേശന പരീക്ഷ, ഒരു ഭക്ഷണം, ഒരു സംസ്കാരം എന്നിവ പോലെ ഒരു ഭാഷ ഉപയോഗിച്ച് മറ്റ് വംശങ്ങളുടെ സംസ്കാരത്തെ നശിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്"- സ്റ്റാലിൻ പറഞ്ഞു.

.2022 ഒക്ടോബറിലെ സംസ്ഥാന അസംബ്ലി പ്രമേയം അനുസ്മരിച്ചുകൊണ്ട് ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെയും തമിഴിനെ സംരക്ഷിക്കാനുമുള്ള ഞങ്ങളുടെ ശ്രമങ്ങൾ എക്കാലവും തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ധാർഷ്ട്യത്തോടെയാണ് ബി.ജെ.പി സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുന്നത്. ഹിന്ദിക്ക് കൊടുക്കുന്ന പ്രാധാന്യം മറ്റ് ഭാഷകളെ അവഗണിക്കുക മാത്രമല്ല അവയെ നശിപ്പിക്കുന്നതിന് തുല്യമാണെന്നും സ്റ്റാലിൻ പറഞ്ഞു. ഞങ്ങൾ ഒരു ഭാഷക്കും എതിരല്ല. ഒരാൾക്ക് സ്വന്തം താൽപ്പര്യം കൊണ്ട് എത്ര ഭാഷകൾ വേണമെങ്കിലും പഠിക്കാം. അതേ സമയം എന്തെങ്കിലും അടിച്ചേൽപ്പിക്കാനുള്ള ഏതൊരു നീക്കത്തെയും ഞങ്ങൾ എതിർക്കുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Our Struggle Against Hindi Imposition Will Continue, Says MK Stalin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.