ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും സമാധാനം പുനസ്ഥാപിക്കലാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് ഇറാൻ, ഇസ്രായേൽ, യു.എസ് എന്നീ രാജ്യങ്ങളുമായി സംസാരിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായും ആശയവിനിമയം നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പാർലമെന്‍റിൽ പറഞ്ഞു. ഹുർമുസിൽ ഗതാഗതം തടസ്സപ്പെടുന്നത് പെട്രോൾ, ഡീസൽ, രാസവളങ്ങൾ തുടങ്ങിയവയുടെ വിതരണത്തെ പ്രതികൂലമായി ബാധിച്ചു. ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യൻ പൗരന്മാരുടെ സംരക്ഷണം ഇന്ത്യ ഏറ്റെടുത്തുവെന്നും മോദി രാജ്യസഭയിൽ പറഞ്ഞു.
‘ഗൾഫ് രാജ്യങ്ങളിലെ തലവന്മാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇറാനുമായും ഇസ്രായേലുമായും യു.എസുമായും ബന്ധപ്പെടുന്നുണ്ട്. നയതന്ത്ര ചർച്ചയിലൂടെ പ്രദേശത്ത് സമാധാനം കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. ഹുർമുസ് തുറക്കുന്നതിനെ സംബന്ധിച്ചും അവരുമായി സംസാരിച്ചു. അന്താരാഷ്ട്ര സമുദ്രപാതയായ ഹുർമുസ് പോലുള്ളയിടങ്ങളിൽകൂടി കടന്നുപോകുന്ന വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണവും പാത തടസ്സപ്പെടുത്തുന്നതും ഒരിക്കലും അംഗീകരിക്കാനാകില്ല’ -മോദി പറഞ്ഞു.
സംഘർഷബാധിത പ്രദേശങ്ങളിൽനിന്ന് 3.75 ലക്ഷം ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിച്ചെന്നും മോദി പറഞ്ഞു. ഇറാനിൽനിന്ന് ആയിരംപേരെ ഇന്ത്യയിൽ തിരിച്ചെത്തിച്ചു. ഇതിൽ 700-ഓളം പേർ മെഡിക്കൽ വിദ്യാർഥികളാണ്. വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷയിൽ അതാത് രാജ്യങ്ങളിൽനിന്ന് ഉറപ്പു ലഭിച്ചിരുന്നെന്നും മോദി പറഞ്ഞു.
സംഘർഷത്തിൽ ചിലർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ കുടുംബാംഗങ്ങൾക്കാവശ്യമായ എല്ലാ പിന്തുണയും നൽകും. പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭിക്കാനുള്ള സാഹചര്യം ഒരുക്കും. ഇന്ത്യക്കാരുടെ സുരക്ഷയാണ് പ്രധാനം. ഹുർമുസ് കടലിടുക്കിൽകൂടി ഇന്ത്യയിലേക്കുള്ള എൽ.പി.ജി ടാങ്കറുകൾ കടന്നുവന്നുവെന്നും പ്രതിസന്ധി നേരിടാൻ ആഭ്യന്തര എൽ.പി.ജി ഉത്പാദനം ഇന്ത്യ വർധിപ്പിച്ചെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.