ജയലളിത

ജയലളിതയുടെ സ്വത്തുക്കൾ തമിഴ്നാട് സർക്കാറിന് കൈമാറാൻ ഉത്തരവ്

ബംഗളൂരു: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ കണ്ടുകെട്ടിയ സ്വത്തുക്കൾ തമിഴ്നാടിന് സർക്കാറിന് കൈമാറാൻ ബംഗളൂരുവിലെ പ്രത്യേക സി.ബി.ഐ കോടതി ഉത്തരവ്. 2004ൽ രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് ഉത്തരവ്. കേസിൽ ജയലളിത കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. ഫെബ്രുവരി 15ന് മുമ്പ് കൈമാറ്റ നടപടി പൂർത്തിയാക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കി.

ചെന്നൈ പോയസ് ഗാർഡനിലെ വസതിയായ ‘വേദനിലയം’ , എസ്റ്റേറ്റുകൾ, ബാങ്ക് നിക്ഷേപങ്ങൾ, 28 കിലോ സ്വർണം, 700 കിലോ വെള്ളി ആഭരണങ്ങൾ, വജ്രം, രത്നാഭരണങ്ങൾ, 11,000 ത്തിലേറെ സാരികൾ, 750 അലങ്കാര പാദരക്ഷകൾ, 44 എ.സികൾ തുടങ്ങി കോടികളുടെ സ്വത്തുക്കളാണ് ജയലളിതയുടേതായി കണ്ടുകെട്ടിയത്. സ്വത്തുക്കൾ കൈമാറാൻ കഴിഞ്ഞവർഷം മാർച്ചിൽ സി.ബി.ഐ കോടതി ഉത്തരവിട്ടിരുന്നെങ്കിലും ജയലളിതയുടെ സഹോദരന്റെ മക്കളായ ജെ. ദീപയും ജെ. ദീപക്കും അപ്പീലുമായി കർണാടക ഹൈകോടതിയെ സമീപിച്ചു. ഹരജിയിൽ ഹൈകോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു. 1991 ജൂലൈ ഒന്നു മുതൽ 1996 ഏപ്രിൽ 30 വരെയുള്ള കാലയളവിൽ ജയലളിത ശേഖരിച്ച സ്വത്തുക്കളുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

കണ്ടുകെട്ടിയ വസ്തുക്കൾ ഏതെങ്കിലും പ്രസ്തുത കാലയളവിലല്ല വാങ്ങിയതെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖ ഹാജരാക്കിയാൽ ആ സ്വത്തിന്റെ ഉടമസ്ഥാവകാശം ഹരജിക്കാർക്ക് അനുവദിക്കാമെന്നും വസ്തു ലേലം ചെയ്തിട്ടുണ്ടെങ്കിൽപോലും അവകാശം തിരിച്ചുനൽകാമെന്നും ദീപക്കിനോടും ദീപയോടും ഹൈകോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇരുവർക്കും മതിയായ രേഖകൾ ഹാജരാക്കാനായില്ല. ജനുവരി 13ന് ഹരജി ഹൈ​​കോടതി തള്ളി. തുടർന്നാണ് സി.ബി.ഐ കോടതി സ്വത്തുക്കൾ സർക്കാറിന് കൈമാറാൻ നിർദേശിച്ചത്.

Tags:    
News Summary - Order to handover Jayalalitha's assets to Tamil Nadu government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.