ബാനറും പ്ലക്കാഡുകളുമേന്തി പാർലമെന്റ് മന്ദിരത്തിന്റെ ഒന്നാം നിലയിൽ പ്രതിഷേധിക്കുന്ന പ്രതിപക്ഷ എം.പിമാർ

‘മോദി-അദാനി ഭായി ഭായി, ദേശ് ഭേജ് കേ ഖായി മലായി’: പ്രതിപക്ഷം പാർലമെന്റ് മന്ദിരം ‘കൈയടക്കി’

ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ അപൂർവമായ സമരമുറ പുറത്തെടുത്ത പ്രതിപക്ഷം അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കൂറ്റൻ ബാനറും പ്ലക്കാഡുകളുമേന്തി പാർലമെന്റ് മന്ദിരത്തിന്റെ ഒന്നാം നിലയിൽ പ്രതിഷേധം ഒരുക്കി. അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി പതിവായി പ്രതിഷേധിക്കുന്ന പ്രതിപക്ഷം പാർലമെന്റ് കവാടത്തിലും ഗാന്ധിപ്രതിമക്ക് മുന്നിലും പ്ലക്കാഡുകളേന്തി ധർണ നടത്തുകയും ഇ.ഡി ഓഫിസിലേക്ക് മാർച്ച് നടത്തുകയും ചെയ്തശേഷമാണ് വേറിട്ട സമരമുറയുമായി ചൊവ്വാഴ്ച പാർലമെന്റ് മന്ദിരം ‘കൈയടക്കി’യത്.

‘മോദി-അദാനി ഭായി ഭായി, ദേശ് ഭേജ് കേ ഖായി മലായി’ (മോദിയും അദാനിയും സഹോദരങ്ങൾ, രാജ്യം വിറ്റ് ‘മലായ്’ കഴിച്ചു) എന്നെഴുതിയ കൂറ്റൻ ബാനർ പാർലമെന്റ് മന്ദിരത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽനിന്ന് താഴേക്ക് തൂക്കിയിട്ടായിരുന്നു പ്രതിപക്ഷ എം.പിമാരുടെ സമരം.

ബാനറിലെഴുതിയ പതിവ് മുദ്രാവാക്യത്തിന് പുറമെ ‘വി വാണ്ട് ജെ.പി.സി’ എന്നും എം.പിമാർ വിളിച്ചു. കേരളത്തിൽ നിന്നുള്ളവരടക്കം പ്രതിപക്ഷം എം.പിമാർ പ്രതിഷേധത്തിൽ പങ്കെടുത്തു.

സ്തംഭനം തുടർക്കഥ; പാർലമെന്റ് വീണ്ടും പിരിഞ്ഞു

ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദത്തിൽ ചൊവ്വാഴ്ച വീണ്ടും ഇരുസഭകളും കാര്യപരിപാടികളിലേക്ക് കടക്കാതെ പിരിഞ്ഞു. ബുധനാഴ്ച അവധി പ്രഖ്യാപിച്ചതിനാൽ വ്യാഴാഴ്ച രാവിലെ 11 മണിവരെയാണ് ഇരുസഭകളും പിരിഞ്ഞത്.

ചൊവ്വാഴ്ച രാവിലെ രാജ്യസഭ ചേർന്നപ്പോൾ അജണ്ട മാറ്റിവെച്ച് ചർച്ചചെയ്യാനായി ചട്ടം 267 പ്രകാരം 11 നോട്ടീസുകൾ തനിക്ക് ലഭിച്ചുവെന്ന് അധ്യക്ഷൻ ജഗ്ദീപ് ധൻഖർ പറഞ്ഞു. കോൺഗ്രസ് എം.പിമാരായ ഡോ. അമി യാഗ്നിക്, പ്രമോദ് തിവാരി, ജെബി മേത്തർ, സയ്യിദ് നാസിർ ഹുസൈൻ, കുമാർ കേദ്കർ, നീരജ് ഡാങ്കെ, രഞ്ജിത് രഞ്ജൻ, ഡി.എം.കെ എം.പി തിരുച്ചി ശിവ എന്നിവർ അദാനി ഗ്രൂപ്പിന്റെ കോർപറേറ്റ് തട്ടിപ്പുകളും ഓഹരി വിപണി തട്ടിപ്പും രാഷ്ട്രീയ അഴിമതിയും അന്വേഷിക്കാൻ സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) ഉണ്ടാക്കുന്നതിൽ കേന്ദ്ര സർക്കാറിന്റെ പരാജയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയെന്ന് ധൻഖർ വ്യക്തമാക്കി.

ഇത് കൂടാതെ അദാനിക്കെതിരായ ആരോപണങ്ങളും അദാനി ഗ്രൂപ്പുകളിൽ എൽ.ഐ.സി, എസ്.ബി.ഐ നിക്ഷേപങ്ങളും ഉന്നതതല അന്വേഷണത്തിന് വിധേയമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നേതാവ് എളമരം കരീമും രാജസ്ഥാനിലും മഹാരാഷ്ട്രയിലും വൈദ്യുതി ഉൽപാദനത്തിന്റെ പേരിൽ അദാനി നടത്തിയ തട്ടിപ്പുകൾ ഉന്നയിച്ച് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്ങും നോട്ടീസ് നൽകി.

എന്നാൽ, എല്ലാ നോട്ടീസുകളും താൻ തള്ളിയെന്ന് ധൻഖർ പറഞ്ഞതോടെ ‘മോദി -അദാനി ഭായി ഭായി, ദേശ് ഭേജ് കേ ഖായി മലായി’ (മോദിയും അദാനിയും സഹോദരങ്ങൾ, രാജ്യം വിറ്റ് ’മലായ്’ കഴിച്ചു ) എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷവും രാഹുൽ ഗാന്ധി മാപ്പുപറയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.പിമാരും എഴുന്നേറ്റു.

ബഹളത്തിനിടെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടതുപ്രകാരം അദ്ദേഹത്തെ സംസാരിക്കാൻ രാജ്യസഭ ചെയർമാൻ വിളിച്ചുവെങ്കിലും ബി.ജെ.പി എം.പിമാർ മുദ്രാവാക്യം വിളി ശക്തമാക്കിയതോടെ ഒന്നും പറയാനായില്ല. ബഹളം രൂക്ഷമായതോടെ സഭ രണ്ടുമണി വരെ പിരിയുകയാണെന്ന് ചെയർമാൻ അറിയിച്ചു. 11.30ന് എല്ലാ കക്ഷി നേതാക്കളും തന്റെ ചേംബറിൽ വരണമെന്ന് ആവശ്യപ്പെട്ടാണ് ചെയർമാൻ മടങ്ങിയത്.

ലോക്സഭയിൽ സ്പീക്കർ ഓം ബിർല ചോദ്യോത്തര വേള തുടങ്ങാൻ ശ്രമിച്ചെങ്കിലും പ്രതിപക്ഷ എം.പിമാർ അദാനിക്കും മോദിക്കുമെതിരായ പ്ലക്കാർഡുകളുമേന്തി ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് സഭയുടെ നടുത്തളത്തിലിറങ്ങി.

രാഹുൽ ഗാന്ധിയുടെ മാപ്പ് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി കിരോഡി ലാൽ മീണയുടെ നേതൃത്വത്തിൽ ബി.ജെ.പി എം.പിമാർകൂടി എഴുന്നേറ്റതോടെ സഭ രണ്ട് മണി വരെ പിരിഞ്ഞു. തുടർന്ന് ഇരു സഭകളും രണ്ട് മണിക്ക് വീണ്ടും ചേർന്നെങ്കിലും നടപടികളിലേക്ക് കടക്കാനാകാതെ പിരിഞ്ഞു.  

Tags:    
News Summary - Opposition leaders hold protest in Parliament House complex

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.