ഗ്യാനേഷ് കുമാർ

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; രാജ്യസഭയിൽ വീണ്ടും നോട്ടീസ് നൽകി പ്രതിപക്ഷം, ഒപ്പിട്ടത് 73 എം.പിമാർ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രാജ്യസഭയിൽ പുതിയ നോട്ടീസ് നൽകി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിൽ കമീഷണർ പക്ഷപാതം കാണിക്കുന്നു എന്നാരോപിച്ചാണ് പ്രതിപക്ഷത്തിന്റെ നീക്കം. കോൺഗ്രസ് നേതാവ് ജയറാം രമേശ്, തൃണമൂൽ കോൺഗ്രസ് നേതാവ് സാഗരിക ഘോഷ് എന്നിവർ ചേർന്നാണ് രാജ്യസഭാ സെക്രട്ടറി ജനറലിന് നോട്ടീസ് കൈമാറിയത്.നിഷേധിക്കാനാകാത്ത ഒമ്പത് കുറ്റങ്ങൾ ഗ്യാനേഷ് കുമാറിനെതിരെ ഉണ്ടെന്നും തെരഞ്ഞെടുപ്പ് കമീഷണറായി തുടരുന്നത് ശരിയല്ലെന്നും കോൺഗ്രസ് ആരോപിച്ചു.

പശ്ചിമ ബംഗാൾ, തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഏപ്രിൽ 18ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനെതിരെ പ്രതിപക്ഷം പരാതി നൽകിയിരുന്നു. എന്നാൽ, ഈ പരാതിയിൽ ഗ്യാനേഷ് കുമാർ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നോട്ടീസിൽ പറയുന്നു. ആരോപണവിധേയർക്ക് നോട്ടീസ് നൽകാനോ പരസ്യമായ മറുപടി നൽകാനോ കമീഷണർ തയാറായില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട കമീഷൻ സർക്കാരിന്റെ താൽപര്യങ്ങൾക്കനുസരിച്ചാണ് നീങ്ങുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആക്ഷേപം.

നോട്ടീസ് അവതരിപ്പിക്കാൻ 50 എം.പിമാരുടെ പിന്തുണ മതിയെന്നിരിക്കെ 73 പേരാണ് ഇതിൽ ഒപ്പിട്ടിരിക്കുന്നത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ഡി.എം.കെ, ഇടതുപക്ഷ പാർട്ടികൾ, ശിവസേന (യു.ബി.ടി), എൻ.സി.പി (ശരദ് പവാർ), ആർ.ജെ.ഡി, മുസലിം ലീഗ് തുടങ്ങിയ പാർട്ടികളെല്ലാം നോട്ടീസിനെ പിന്തുണച്ചു.

നേരത്തെ ലോക്‌സഭയിലും രാജ്യസഭയിലും സമാനമായ നോട്ടീസുകൾ നൽകിയിരുന്നെങ്കിലും സ്പീക്കറും ചെയർമാനും അവ തള്ളിയിരുന്നു. ഭരണഘടനാപരമായ ദുർനടപടി എന്ന ഗണത്തിൽ ഈ ആരോപണങ്ങൾ വരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസുകൾ തള്ളിയത്. എന്നാൽ, പിൻമാറാൻ തയാറാവാതെ പുതിയ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് വീണ്ടും കമീഷണർക്കെതിരെ നീങ്ങുകയാണ് പ്രതിപക്ഷം. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ പുറത്താക്കണമെന്ന ആവശ്യം പാർലമെന്റിൽ ഇത്ര ശക്തമാകുന്നത്.

Tags:    
News Summary - Opposition issues notice in Rajya Sabha demanding removal of Chief Election Commissioner Gyanesh Kumar; 73 MPs sign it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.