പൊതുകാര്യപരിപാടിക്ക് പ്രതിപക്ഷം

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ പൊതുകാര്യപരിപാടി രൂപപ്പെടുത്താനുള്ള ഒരുക്കത്തിൽ പ്രതിപക്ഷ പാർട്ടികൾ. 23ന് പട്നയിൽ നടക്കുന്ന പ്രതിപക്ഷ നേതൃയോഗത്തിൽ പൊതുമിനിമം പരിപാടിയുടെ മാർഗരേഖ എൻ.സി.പി നേതാവ് ശരദ് പവാർ മുന്നോട്ടുവെക്കും.

ബി.ജെ.പിക്കെതിരെ ഒറ്റ സ്ഥാനാർഥിയെന്ന ആശയം, പ്രധാന പ്രചാരണ വിഷയങ്ങൾ, പ്രതിപക്ഷ പാർട്ടികളുടെ കാര്യപരിപാടി തുടങ്ങിയ വിഷയങ്ങളിൽ പൊതുധാരണ രൂപപ്പെടുത്തി മുന്നോട്ടുനീങ്ങാനാണ് ഒരുക്കം.

പ്രധാനമന്ത്രി സ്ഥാനാർഥി ആരാകണമെന്ന തീരുമാനം ഉണ്ടാവില്ല. അത്തരമൊരു ചർച്ചക്ക് പാർട്ടി നേതാക്കൾക്ക് താൽപര്യവുമില്ല. തെരഞ്ഞെടുപ്പിനുശേഷമുള്ള സാഹചര്യങ്ങളിൽ മാത്രമാണ് അത്തരമൊരു ചർച്ചക്ക് പ്രസക്തിയെന്ന ചിന്താഗതിയാണ് പ്രമുഖ നേതാക്കൾക്ക്.

ബി.ജെ.പിയെ താഴെയിറക്കുകയെന്ന പൊതുലക്ഷ്യത്തിൽ പരമാവധി ഏകോപനത്തോടെ തെരഞ്ഞെടുപ്പിൽ സഹകരിക്കാനാണ് പൊതുകാര്യപരിപാടി. തെരഞ്ഞെടുപ്പിനുമുമ്പ് പ്രതിപക്ഷ സഖ്യവും പ്രായോഗികമല്ല. എന്നാൽ, പ്രതിപക്ഷ സഹകരണം സാധ്യമാണെന്ന് നേതാക്കൾ വിലയിരുത്തുന്നു.

ബി.ജെ.പിക്കെതിരെ എല്ലാ മണ്ഡലങ്ങളിലും സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയെന്ന ആശയം എല്ലായിടത്തും നടപ്പാക്കാനാവില്ല. എന്നാൽ, ജയസാധ്യതയുള്ള സ്ഥാനാർഥിക്കുവേണ്ടി വിട്ടുവീഴ്ചകൾക്ക് ഓരോ പാർട്ടിയും തയാറാകണമെന്ന താൽപര്യം പ്രതിപക്ഷത്തെ എല്ലാ പാർട്ടികൾക്കുമുണ്ട്. അത്തരം കാര്യങ്ങളുടെ ഏകോപനത്തിന് ഉപസമിതി രൂപവത്കരിച്ച് വിവിധ സംസ്ഥാനങ്ങളിൽ വേറിട്ട ചർച്ചകൾ നടത്തും.2019ൽ കോൺഗ്രസ് വിജയിക്കുകയോ രണ്ടാം സ്ഥാനത്ത് എത്തുകയോ ചെയ്ത 252 മണ്ഡലങ്ങളുണ്ട്. ഇവിടെ മറ്റു പാർട്ടികളുടെ പിന്തുണയാണ് കോൺഗ്രസ് തേടുന്നത്.

വിവിധ പ്രാദേശിക പാർട്ടികൾക്കും ഇതേ പോലെ അവകാശവാദങ്ങളുണ്ട്. ഇക്കാര്യങ്ങളിൽ പൊതുധാരണ രൂപപ്പെടുത്താൻ ശ്രമിക്കും. പൊതുകാര്യപരിപാടിയുടെ വിശദ ചർച്ചക്കായി 2-3 ദിവസത്തെ പ്രത്യേക നേതൃയോഗം വിളിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.

തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ സഹകരണത്തിന്‍റെ ആദ്യപടിയാണ് പട്ന യോഗം. ഇതിലെ ചർച്ചകൾക്കൊത്ത് ഭാവികാര്യങ്ങൾ തീരുമാനിക്കും. ബി.ജെ.പിക്കെതിരെ പ്രതിപക്ഷം ജനമധ്യത്തിൽ ഉയർത്തിക്കാണിക്കേണ്ട വിഷയങ്ങൾ ചർച്ചയാവും. സമുദായ സൗഹാർദം, സർക്കാർ വീഴ്ചകൾ, ജനാധിപത്യധ്വംസനം, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം തുടങ്ങിയവയാണ് പ്രമുഖ വിഷയങ്ങൾ.

കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, ആർ.ജെ.ഡി, ജനതാദൾ-യു, എൻ.സി.പി, ശിവസേന, ആം ആദ്മി പാർട്ടി, സമാജ്വാദി പാർട്ടി, സി.പി.എം, സി.പി.ഐ, നാഷനൽ കോൺഫറൻസ്, പി.ഡി.പി, മുസ്ലിം ലീഗ്, ജെ.എം.എം തുടങ്ങി 20ഓളം പാർട്ടികളുടെ നേതാക്കളാണ് പട്ന യോഗത്തിൽ പങ്കെടുക്കുക.

Tags:    
News Summary - Opposition for minimum programme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.