ന്യൂഡൽഹി: ഓപറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യം പുറത്തിറക്കിയ ലോഗോയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഒരുമിച്ച് നൽകിയുള്ള റെയിൽവേ ഓൺലൈൻ ടിക്കറ്റിലെ പോസ്റ്ററിനെതിരെ കോൺഗ്രസ്. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സർക്കാർ സൈനിക നടപടി രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
കോൺഗ്രസ് നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് പിയൂഷ് ബാബെലയാണ് റെയിൽവേ ഇ-ടിക്കറ്റിൽ ഓപറേഷൻ സിന്ദൂറിന്റെ ലോഗോയും മോദിയുടെ ചിത്രവും ഉൾപ്പെടുത്തിയുള്ള പരസ്യത്തിനെതിരെ ആദ്യം രംഗത്തുവന്നത്.
സൈന്യത്തിന്റെ വീര്യംപോലും അവർ ഒരു ഉൽപന്നംപോലെ വിൽക്കുകയാണെന്ന് റെയിൽവേ ടിക്കറ്റിന്റെ ചിത്രം പങ്കുവെച്ച് പിയൂഷ് ബാബെലെ എക്സിൽ കുറിച്ചു. ഇത് ദേശസ്നേഹമല്ല; മറിച്ച്, വിലപേശലാണ്. ഇന്ത്യ പരമ്പരാഗതമായി സായുധ സേനയെ രാഷ്ട്രീയവത്കരിക്കുന്നതിൽനിന്ന് വിട്ടുനിൽക്കാറാണുള്ളത്. ഇപ്പോൾ റെയിൽവേ ടിക്കറ്റുകൾ മോദിയുടെ ചിത്രവും പ്രസ്താവനയും ഉൾക്കൊള്ളുന്ന പ്രചാരണ ഉപകരണമായി മാറി. ബിഹാർ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടത്തിനായി സൈന്യത്തെ ഉപയോഗിക്കുന്നതിന്റെ നഗ്നമായ ഉദാഹരണമാണിതെനും അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധത്തെയും രക്തസാക്ഷിത്വത്തെയും അവസരങ്ങളായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കാണുന്നതെന്ന് മുൻ എം.പി ഡാനിഷ് അലി കുറ്റപ്പെടുത്തി. കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മോദിയുടെ ചിത്രമുള്ള സർട്ടിഫിക്കറ്റ് നൽകിയത് നേരത്തേ വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.