ഓപറേഷന്‍ ഗംഗ; 240 പേരുമായി മൂന്നാമത്തെ വിമാനം ഡല്‍ഹിയിലെത്തി

ന്യൂഡൽഹി: യുക്രെയ്നിലെ ഇന്ത്യൻ രക്ഷാദൗത്യം ഓപറേഷന്‍ ഗംഗയുടെ ഭാഗമായുള്ള മൂന്നാമത്തെ വിമാനം ഡൽഹിയിലെത്തി. ഹംഗറിയില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് എത്തിയത്. മലയാളികൾ ഉൾപ്പെടെ 240 പൗരന്മാരാണ് വിമാനത്തിലുണ്ടായിരുന്നത്. തിരികെ എത്തിയവരില്‍ 25 പേർ മലയാളികളാണ്. സുരക്ഷിതമായി തിരികെ എത്തിയതില്‍ വലിയ സന്തോഷമുണ്ടെന്ന് വിദ്യാർഥികൾ പറഞ്ഞു.

ഓപറേഷന്‍ ഗംഗയുടെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഇന്ന് രാവിലെ ഡൽഹിയിൽ എത്തിയിരുന്നു. മലയാളികൾ ഉൾപ്പെടെ 469 പൗരന്മാരാണ് സുരക്ഷിതമായി തിരികെയെത്തിയത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുംവിദേശകാര്യ സഹമന്ത്രി വി. മുരളീധരനും യാത്രക്കാരെ സ്വീകരിച്ചു. ഇതോടെ മൂന്ന് വിമാനങ്ങളിലായി യുക്രെയ്നില്‍ നിന്ന് 709 പേര്‍ രാജ്യത്ത് തിരിച്ചെത്തി. നാലാമത്തെ വിമാനം 198 യാത്രക്കാരുമായി റൊമേനിയൻ തലസ്ഥാനമായ ബുകാറസ്സിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടു. 


ഓപറേഷൻ ഗംഗ വഴി കൂടുതൽ ഇന്ത്യക്കാരെ വേഗത്തിൽ തിരികെയെത്തിക്കാനാണ് കേന്ദ്രത്തിന്‍റെ ശ്രമം. റൊമേനിയയിലും ഹംഗറിയിലും എത്തിയവർക്കായി പ്രത്യേക എയർ ഇന്ത്യ വിമാനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും നാളെ കൂടുതൽ വിമാനങ്ങൾ യുക്രെയ്ന്‍റെ പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് തിരിക്കും.

വിദേശകാര്യമന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം 16,000 ആളുകളാണ് ഇനി യുക്രൈനില്‍ നിന്ന് തിരികെ എത്താനുള്ളത്. ഇതിൽ രണ്ടായിരത്തോളം മലയാളി വിദ്യാർഥികളുമുണ്ട്. കിയവിൽ ബങ്കറുകളിൽ അഭയം തേടിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ സഹായം റഷ്യ അറിയിച്ചിട്ടുണ്ട്. രക്ഷാ ദൗത്യത്തിൽ യുക്രെയ്നും ഇന്ത്യക്ക് പിന്തുണ നൽകും. രക്ഷാദൗത്യത്തിനായി കൂടുതൽ വിമാനങ്ങൾ സജ്ജമാക്കാൻ വ്യോമയാനമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - operation ganga third flight arrived in delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.