പിടിവിട്ട് പരിപ്പ് വർഗങ്ങളുടെ വില, കരുതൽശേഖരം വിട്ടുനൽകണമെന്ന് സംസ്ഥാനങ്ങൾ; വഴങ്ങാതെ കേന്ദ്രം

ന്യൂഡൽഹി: പരിപ്പുവർഗങ്ങളുടെ വില വർധിച്ചതോടെ വിലക്കയറ്റത്തിൽ നട്ടംതിരിയുന്ന ജനങ്ങൾക്ക് തുവരപ്പരിപ്പിന്റെയും കടലയുടെയും ലഭ്യത ഉറപ്പാക്കാൻ കേന്ദ്രസർക്കാറിന് സമ്മർദവുമായി സംസ്ഥാനങ്ങൾ. എന്നാൽ, കരുതൽശേഖരം സംരക്ഷിക്കണമെന്ന നിലപാടിലാണ് കേന്ദ്രം. തുവരപ്പരിപ്പിന്റെയും കടലയുടെയും വില കുതിച്ചുയരുന്നതിനിടെ, വിപണിയിൽ ഇടപെടാനുള്ള കേന്ദ്രത്തിന്റെ നീക്കവും സംസ്ഥാനങ്ങളുടെ ആവശ്യവും ഏറ്റുമുട്ടുമ്പോൾ പ്രതിസന്ധിയിലാകുന്നത് സാധാരണക്കാരുടെ അടുക്കള ബജറ്റാണ്. മഴ കുറഞ്ഞതും വരൾച്ചാസമാന സാഹചര്യവുമാണ് പരിപ്പ് വർഗങ്ങളുടെ ഉത്പാദനത്തിൽ ഉത്കണ്ഠയുണ്ടാക്കുന്നത്.

ഏകദേശം 45 ലക്ഷം ടൺ പരിപ്പുവർഗങ്ങളാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ കൈവശമുള്ളത്. ഇതിൽ 11 ലക്ഷം ടൺ തുവരപ്പരിപ്പും 23 ലക്ഷം ടൺ കടലയും 6.5 ലക്ഷം ടൺ മസൂർ പരിപ്പും 3.7 ലക്ഷം ടൺ ചെറുപയറും 70,000 ടൺ ഉഴുന്നും ഉൾപ്പെടുന്നു.

രാജ്യത്ത് പരിപ്പ് വർഗങ്ങളുടെ വില വർധിച്ചതോടെയാണ് സംസ്ഥാനങ്ങൾ ആവശ്യം മുന്നോട്ടുവെച്ചത്. തുവരപ്പരിപ്പിന്റെ ശരാശരി ചില്ലറവില കിലോക്ക് 131.98 രൂപയായി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 17.2 ശതമാനമാണ് വർധന. കടലപ്പരിപ്പിന്റെ വില 8.66 ശതമാനം ഉയർന്ന് കിലോക്ക് 92.86 രൂപയിലെത്തി. ഉഴുന്നിന്റെ വില 10.56 ശതമാനം വർധിച്ച് 125.45 രൂപയായി. ചെറുപയറിന്റെ വില 4.77 ശതമാനം ഉയർന്ന് കിലോക്ക് 114.11 രൂപയുമായിട്ടുണ്ട്.

ഖാരിഫ് സീസണിൽ കൃഷി ചെയ്യുന്ന തുവരപ്പരിപ്പിന്റെ ഉൽപാദനത്തെ മഴയുടെ കുറവ് ബാധിക്കുമെന്ന ആശങ്കയുണ്ട്. റാബി സീസണിൽ കൃഷിയിറക്കാനിരിക്കുന്ന കടലയുടെ വിതയെയും മണ്ണിലെ ഈർപ്പക്കുറവ് ബാധിച്ചേക്കാം. രാജ്യത്തെ മൊത്തം പരിപ്പ് ഉപഭോഗത്തിന്റെ 60 ശതമാനത്തിലധികവും തുവരപ്പരിപ്പും കടലയും ചേർന്നതാണ്.

വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സർക്കാർ നേരത്തേയും നടപടികൾ സ്വീകരിച്ചിരുന്നു. സർക്കാർ സംഭരിക്കുന്ന പരിപ്പുകൾ ഒമ്പത് മാസത്തിനുള്ളിൽ വിറ്റഴിക്കണമെന്ന പ്രൈസ് സപ്പോർട്ട് സ്കീമിലെ വ്യവസ്ഥയിൽ ഇളവ് വരുത്താൻ ജൂലൈയിൽ കൃഷിമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.

വിപണിയിലെ ലഭ്യത വർധിപ്പിക്കാൻ മഞ്ഞപ്പയറിന്റെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്നാണ് വ്യവസായമേഖലയുടെ ആവശ്യം. നിലവിൽ 30 ശതമാനമാണ് മഞ്ഞപ്പയറിന്റെ ഇറക്കുമതി തീരുവ. ആഭ്യന്തര വിപണിയിൽ പരിപ്പിന്റെ ലഭ്യത മെച്ചപ്പെടുത്തുന്നതിനും തുവരപ്പരിപ്പിന്റെയും കടലയുടെയും വില നിയന്ത്രിക്കുന്നതിനുമായി 2023 ഡിസംബറിൽ മഞ്ഞപ്പയർ ഇറക്കുമതിക്ക് ഇന്ത്യ തീരുവ ഒഴിവാക്കിയിരുന്നു.

ഇതിന്റെ ഫലമായി 2024ൽ മഞ്ഞപ്പയർ ഇറക്കുമതി ഏകദേശം 29.5 ലക്ഷം ടണ്ണായി ഉയർന്നു. 2023 വരെ വർഷങ്ങളോളം നാമമാത്രമായിരുന്ന ഇറക്കുമതിയിലാണ് ഈ വർധനയുണ്ടായത്. ഇതേ വർഷം രാജ്യത്തെ മൊത്തം പരിപ്പ് ഇറക്കുമതി ഏകദേശം 69 ലക്ഷം ടണ്ണിലെത്തി.

കടലയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന താരതമ്യേന വിലകുറഞ്ഞ പരിപ്പാണ് മഞ്ഞപ്പയർ. കടലമാവ് ഉൾപ്പെടെയുള്ള ഭക്ഷ്യോൽപന്നങ്ങൾ നിർമിക്കുന്നതിനും മറ്റും ഇത് ഉപയോഗിക്കുന്നുണ്ട്. മഞ്ഞപ്പയറിന്റെ ലഭ്യത വർധിക്കുന്നത് കടലയ്ക്കുള്ള ആവശ്യം കുറയ്ക്കാനും വില ഇടിയാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ, 2025 നവംബർ ഒന്നുമുതൽ മഞ്ഞപ്പയർ ഇറക്കുമതിക്ക് കേന്ദ്രസർക്കാർ 30 ശതമാനം തീരുവ ഏർപ്പെടുത്തി. ഇതോടെ നിശ്ചിത ഇറക്കുമതി ചരക്കുകൾക്കുണ്ടായിരുന്ന തീരുവയിളവ് അവസാനിച്ചു.

 
Tags:    
News Summary - India Faces Rising Pulse Prices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.