''സ്വഭാവം മാറ്റിയില്ലെങ്കിൽ കൈയും കാലും ഒടിയും, ശ്മശാനത്തിലേക്ക് പോകേണ്ടിവരും'' -വിവാദ പരാമർശവുമായി ബംഗാൾ ബി.ജെ.പി അധ്യക്ഷൻ

കൊൽക്കത്ത: തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ വിവാദ പരാമർശവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി അധ്യക്ഷൻ ദിലീപ്​ ഘോഷ്​. മമത ബാനർജി അനുകൂലികൾ അവരുടെ സ്വഭാവം മാറ്റിയില്ലെങ്കിൽ കൈയും കാലും തലയും തകരുമെന്നും കൊല്ലപ്പെടുകപോലും ചെയ്തേക്കാമെന്നുമായിരുന്നു ഘോഷിൻെറ പരാമർശം. ഞായറാഴ്​ച ഹാൽഡിയയിൽ നടന്ന തെരഞ്ഞെടുപ്പ്​ റാലിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്​ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''പ്രശ്‌നങ്ങളുണ്ടാക്കുന്ന ദീദിയുടെ(മമത) സഹോദരന്മാർ അടുത്ത ആറുമാസത്തിനുള്ളിൽ അവരുടെ സ്വഭാവത്തിൽ മാറ്റം വരുത്തണം, അല്ലാത്തപക്ഷം നിങ്ങളുടെ കൈകാലുകളും വാരിയെല്ലുകളും തലയും തകരും. നിങ്ങൾ ആശുപത്രിയിലേക്ക് ഒരു യാത്ര പോകേണ്ടിവരും. കൂടുതലായി കളിച്ചാൽ, ശ്മശാനത്തിലേക്കും"-ഘോഷ് പറഞ്ഞു.

തൃണമൂൽ കോൺഗ്രസിൻെറ നാളുകൾ എണ്ണപ്പെട്ടുവെന്നും സംസ്ഥാനത്ത്​ കേന്ദ്ര സേന സുഗമമായ തെരഞ്ഞെടുപ്പ്​ ഉറപ്പു വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

''ബിഹാറിൽ ലാലു രാജ്​ ആയിരുന്നപ്പോൾ ജംഗിൾ രാജ്​ ആയിരുന്നു. നിത്യേന അക്രമങ്ങളായിരുന്നു. ഞങ്ങൾ ഗുണ്ടകളെ പുറത്താക്കി. ഇതിനെയാണ്​ ബി.ജെ.പി രാജ്​ എന്ന്​ വിളിക്കുന്നത്​. ഞങ്ങൾ ജംഗിൾ രാജ്​ ജനാധിപത്യമാക്കി മാറ്റി. ഇനി പശ്ചിമ ബംഗാളിലും ഞങ്ങൾക്ക്​ ജനാധിപത്യം പുനഃസ്ഥാപി​ക്കണം​'' -അദ്ദേഹം പറഞ്ഞു.

''ഞാൻ ഒരു കാര്യം പ്രഖ്യാപിക്കാൻ ആഗ്രഹിക്കുന്നു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ്​ ദീതിയുടെ പൊലീസിന്​ കീഴിലായിരിക്കില്ല നടക്കുക, ദാദയുടെ പൊലീസിന്​ കീഴിലായിരിക്കും. കാക്കിയിട്ട പൊലീസുകാർ ബൂത്തിന്​ നൂറ്​ മീറ്റർ അകലെ മാവിൻ ചുവട്ടിൽ കസേരയിട്ടിരുന്ന്​ ഖൈനി ചവച്ചു​കൊണ്ട്​ വോ​ട്ടെടുപ്പ്​ കാണും.'' -ദിലീപ്​ ഘോഷ്​ കൂട്ടിച്ചേർത്തു.

ഘോഷിൻെറ പരാമർശത്തെ തൃണമൂൽ കോൺഗ്രസ്​ അപലപിച്ചു. സംസ്ഥാനത്തിൻെറ രാഷ്​ട്രീയാന്തരീക്ഷത്തെ ദിലീപ്​ ഘോഷ്​ മലീമസമാക്കുകയാണെന്ന്​ തൃണമൂൽകോൺഗ്രസ്​ ആരോപിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ സംസ്ഥാനം സന്ദർശിച്ച്​ രണ്ട്​ ദിവസത്തിനു ശേഷമാണ്​ ദിലീപ്​ ഘോഷിൻെറ വിവാദ പ്രസ്​താവന. ദിലീപ്​ ഘോഷും മറ്റ് ബി.ജെ.പി നേതാക്കളും തിങ്കളാഴ്​ച പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്​ച നടത്തും​.

മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ പശ്ചിമ ബംഗാളിൽ രാഷ്​ട്രീയ സംഘർഷം രൂക്ഷമാണ്​.

Tags:    
News Summary - On Camera, Bengal BJP Chief's "Broken Limbs, Death" Threat At Rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.