കീറിയ 10 രൂപ നോട്ട് വേണ്ടെന്ന് പറഞ്ഞതിന് മർദനം; ഡെലിവറി ജീവനക്കാരൻ ജീവനൊടുക്കി
ന്യൂഡൽഹി: കീറിയ 10 രൂപ നോട്ട് സ്വീകരിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ ഉപഭോക്താവിൽ നിന്ന് മർദനമേറ്റ ഡെലിവറി ജീവനക്കാരൻ ജീവനൊടുക്കിയതായി പരാതി. ഡൽഹി വിനോദ് നഗറിൽ ഫ്ലിപ്കാർട്ട് മിനിറ്റ്സിൽ ജോലി ചെയ്യുകയായിരുന്ന സമീർ ഹുസൈൻ (23) ആണ് മരിച്ചത്. ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയായിരുന്നു മരണം. ബുധനാഴ്ച 24-ാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് യുവാവിന്റെ മരണം.
ഒക്ടോബർ നാലിന് രാത്രി 10.30 ഓടെയാണ് സംഭവം. 150 രൂപയുടെ കോഫി ഓർഡറുമായാണ് സമീർ രാംപാൽ സിങ് എന്നയാളുടെ വീട്ടിലെത്തിയത്. പണം നൽകാൻ ഉപഭോക്താവ് 15 മിനിറ്റോളം സമയമെടുക്കുകയും നൽകിയ തുകയിൽ ഒരു 10 രൂപ നോട്ട് കീറിയ നിലയിലുമായിരുന്നു. ഇത് മാറ്റിത്തരാൻ ആവശ്യപ്പെട്ടതോടെയാണ് തർക്കമായത്.
"അങ്കിൾ, ഇത് ഒന്ന് മാറ്റിത്തരൂ എന്ന് മാന്യമായി പറഞ്ഞപ്പോൾ അയാൾ അസഭ്യം പറയാൻ തുടങ്ങി. ഇതാണ് തന്റെ പക്കലുള്ളത്, വേണമെങ്കിൽ എടുത്തോ അല്ലെങ്കിൽ ഇവിടെ നിന്ന് പോകൂവെന്ന് പറഞ്ഞുവെന്നും" ജീവനൊടുക്കുന്നതിന് മുൻപ് സമീർ പകർത്തിയ വീഡിയോയിൽ പറയുന്നു.
തുടർന്ന് ഉപഭോക്താവ് സമീറിനെ മൂന്ന് തവണ മുഖത്തടിച്ചെന്നാണ് ആരോപണം. സമീർ തിരിച്ചടിച്ചില്ലെങ്കിലും ദാരിദ്ര്യത്തിന്റെ പേരിൽ അധിക്ഷേപിച്ചത് തന്നെ തളർത്തിയെന്നും യുവാവ് വിഡിയോയിൽ പറയുന്നു. പാവപ്പെട്ടവനാകുന്നത് തെറ്റാണോയെന്നാണ് സമീർ വിഡിയോയിൽ ചോദിക്കുന്നത്. ഒരിക്കലും അച്ഛനോട് പണം ചോദിച്ചിട്ടില്ലെന്നും സ്വന്തം അധ്വാനം കൊണ്ട് ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വിഡിയോയിൽ പറയുന്നു.
താൻ കഠിനാധ്വാനത്തിൽ വിശ്വസിക്കുന്നുവെന്നും തന്റെ പക്കൽ വാഹനമില്ലാത്തതിനാൽ സൈക്കിളിലാണ് ഓർഡറുകൾ എത്തിക്കുന്നത്. കുറഞ്ഞ വരുമാനമാണെങ്കിലും സ്വന്തം അധ്വാനത്തിൽ നിന്ന് ലഭിക്കുന്നത് കൊണ്ട് ജീവിക്കാനാണ് തനിക്ക് ഇഷ്ടമെന്നും സമീർ പറയുന്നു.
പണമില്ലാത്തതുകൊണ്ട് തനിക്ക് നീതി ലഭിക്കില്ലെന്ന് ഭയപ്പെടുന്നുവെന്നും ഡെലിവറി തൊഴിലാളികൾക്ക് എന്ത് പിന്തുണയാണുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു. നടുറോഡിൽ വെച്ച് തന്റെ സ്വാഭിമാനം തകർന്നതോടെ ഇനി സമാധാനമായി ജീവിക്കാൻ കഴിയില്ലെന്നും സമീർ വിഡിയോയിൽ പറയുന്നു.
അമ്മയോട് താൻ ശക്തനാണെന്ന് കരുതിയിരുന്നുവെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ ജീവിക്കാൻ കഴിയില്ലെന്നും തന്റെ മരണത്തിന് ഉത്തരവാദികൾ ഉപഭോക്താവും അയാളുടെ കൊച്ചുമകൻ രാകേഷുമാണെന്നും മറ്റൊരു വീഡിയോയിൽ സമീർ പറയുന്നു. ഇത് തന്റെ ആത്മഹത്യാ കുറിപ്പാണെന്നും സമീർ പറയുന്നു. അയാൾക്കെതിരെ ഒരു പരാതിയും രജിസ്റ്റർ ചെയ്യപ്പെടില്ലെന്ന് അറിയാം. അയാളുടെ ഭാര്യ മാപ്പ് പറയാൻ ആവശ്യപ്പെട്ടു. ആദ്യം ഒരാളെ തല്ലിയിട്ട് പിന്നീട് മാപ്പ് പറഞ്ഞിട്ട് എന്ത് കാര്യമെന്നും ഒരുപക്ഷേ ഇപ്പോൾ തന്റെ മരണശേഷം ആരെങ്കിലും കേൾക്കുമെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഈ രണ്ടുപേരായിരിക്കും ഉത്തരവാദികളെന്നും സമീർ പറയുന്നു.
പാവപ്പെട്ടവനായതുകൊണ്ടാണ് ജീവിതത്തിലുടനീളം അധിക്ഷേപം കേൾക്കേണ്ടി വരുന്നത്. ആർക്കും തങ്ങളോട് എന്തും പറയാം. മറ്റുള്ളവർക്ക് എപ്പോഴും ധൈര്യം കൊടുത്തിരുന്ന തനിക്ക് സ്വയം ധൈര്യം കണ്ടെത്താനായില്ലെന്നും സമീർ കൂട്ടിച്ചേർത്തു.
താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ പരാതി പറഞ്ഞിട്ടും ആരും കേൾക്കാൻ തയ്യാറായില്ലെന്നും എന്നാൽ സഹപ്രവർത്തകർ പിന്തുണച്ചുവെന്നും സമീർ പറയുന്നു.
ഒക്ടോബർ അഞ്ചിനാണ് സമീർ ജീവനൊടുക്കാൻ ശ്രമിച്ചത്. മർദനത്തിന് മണിക്കൂറുകൾക്ക് ശേഷമായിരുന്നു ഇത്. തുടർന്ന് ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഒക്ടോബർ 20 ചൊവ്വാഴ്ചയാണ് മരിച്ചത്.
പ്രതിക്ക് രാഷ്ട്രീയ സ്വാധീനമുണ്ടെന്നും എന്തും ചെയ്യാമെന്ന ഭാവമാണെന്നും സമീറിന്റെ മാതാവ് കലീമ ആരോപിച്ചു. പാവപ്പെട്ടവനായതിന്റെ പേരിൽ മകനെ പരിഹസിച്ചുവെന്നും അവർ പറഞ്ഞു.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ 108-ാം വകുപ്പ് പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.