3,500 മീറ്റർ ഉയരത്തിൽ കോടതി സമുച്ചയം; ലഡാക്കിൽ ഹൈകോടതി ബെഞ്ച് ഉദ്ഘാടനം ചെയ്ത് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ജമ്മു കശ്മീർ ആൻഡ് ലാഡാക്ക് ഹൈകോടതിയുടെ പുതിയ ലാഡാക്ക് സർക്യൂട്ട് ബെഞ്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉദ്ഘാടനം ചെയ്തു. ഇതോടെ ലാഡാക്കിൽ നിന്നുള്ള കേസുകൾക്കായി ഡൽഹിയിലെ സുപ്രീം കോടതിയിലോ ശ്രീനഗറിലെ ഹൈകോടതിയിലോ നേരിട്ടെത്തേണ്ടി വന്നിരുന്ന ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും.

പുതിയ ബെഞ്ചിൽ അഭിഭാഷകർക്കായി വിഡിയോ കോൺഫറൻസിങ് സൗകര്യങ്ങൾ സജ്ജമാകുന്നതോടെ, ലാഡാക്കിൽ നിന്നുള്ള എല്ലാ കേസുകളും സുപ്രീംകോടതി ആഴ്ചയിൽ ഒരു ദിവസം ഒന്നിച്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. വിഡിയോ കോൺഫറൻസ് വഴി തുടർച്ചയായി കേസ് വാദം കേൾക്കുന്നതിലൂടെ, ലെയിലെയും കാർഗിലിലെയും അഭിഭാഷകർക്ക് ലാഡാക്കിൽ നിന്ന് തന്നെ സുപ്രീംകോടതിയിൽ വാദിക്കാൻ സാധിക്കും. ഇത് ഹരജിക്കാർക്ക് സമയവും പണവും ലാഭിക്കാൻ സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഒരു നൂറ്റാണ്ടോളമായി ഇവിടുത്തെ ജനങ്ങൾക്ക് കോടതിയെ സമീപിക്കാൻ കടുത്ത യാത്രാദുരിതങ്ങൾ നേരിടേണ്ടി വന്നിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു. ശൈത്യകാലത്ത് വിമാന മാർഗ്ഗം മാത്രമായിരുന്നു യാത്രാമാർഗ്ഗം. വക്കീൽ ഫീസിനേക്കാൾ കൂടുതൽ തുക യാത്രക്കായി ചെലവാകുന്നത് കാരണം വിധവകൾ, വയോധികർ, പെൻഷൻ അപേക്ഷകർ എന്നിവരുൾപ്പെടെയുള്ള സാധാരണക്കാർക്ക് കോടതിയെ സമീപിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു.

2019ൽ ലാഡാക്ക് കേന്ദ്രഭരണ പ്രദേശമായപ്പോൾ ഹൈകോടതിയുടെ പേരിൽ 'ലാഡാക്ക്' എന്ന് ഉൾപ്പെടുത്തിയെങ്കിലും യഥാർത്ഥത്തിൽ കോടതി ജനങ്ങൾക്ക് ലഭ്യമാകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ ദൂരെ സ്ഥലങ്ങളിലെ കോടതികളിലേക്ക് യാത്ര ചെയ്യുന്നതിന് പകരം ഹൈകോടതി ബെഞ്ച് നേരിട്ട് ലാഡാക്കിലേക്ക് എത്തിയിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലെയിലെന്ന പോലെ കാർഗിലിലെ ജനങ്ങൾക്കും ഈ ബെഞ്ചിന്റെ സേവനം ലഭ്യമാകും.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,500 മീറ്റർ ഉയരത്തിലാണ് പുതിയ ബെഞ്ച് സ്ഥിതി ചെയ്യുന്നത്. സാങ്കേതികവിദ്യ ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി 'ഇ-സേവാ കേന്ദ്രങ്ങൾ' വഴിയുള്ള സഹായങ്ങൾ ലഭ്യമാക്കുമെന്നും, ഗ്രാമങ്ങളിൽ ബോധവൽക്കരണ ക്യാമ്പുകൾ നടത്തി നിയമസഹായം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രാഥമിക ഘട്ടത്തിൽ 75 കേസുകളാണ് ഈ ബെഞ്ചിൽ പരിഗണിക്കുന്നതിനായി പട്ടികപ്പെടുത്തിയിട്ടുള്ളത്. ആഴ്ചയിൽ രണ്ടുദിവസമായിരിക്കും ബെഞ്ചിന്റെ പ്രവർത്തനം. റൊട്ടേഷൻ വ്യവസ്ഥയിലാണ് ജഡ്ജിമാർ കേസുകൾ കേൾക്കുക. ഒക്ടോബർ 21-ന് പ്രവർത്തനം ആരംഭിക്കുന്ന ആദ്യ ബെഞ്ചിൽ ജമ്മു കശ്മീർ ആൻഡ് ലാഡാക്ക് ഹൈകോടതി ചീഫ് ജസ്റ്റിസ് പുഷ്പേന്ദ്ര സിങ് ഭാട്ടിയും ജസ്റ്റിസ് സഞ്ജയ് പരിഹാറും ഉണ്ടാകും.

ഈ പുതിയ ബെഞ്ചിന്റെ പ്രവർത്തനം ലാഡാക്കിലെ യുവതലമുറക്ക് നിയമമേഖലയിലേക്ക് കടന്നുവരാൻ വലിയ പ്രചോദനമാകുമെന്നും ചീഫ് ജസ്റ്റിസ് പ്രത്യാശ പ്രകടിപ്പിച്ചു. ലെയിലെ മേലാങ്തോംഗ് ഹൈകോടതി സമുച്ചയത്തിൽ നടന്ന ചടങ്ങിൽ സുപ്രീം കോടതി ജസ്റ്റിസുമാരായ എം.എം. സുന്ദരേശ്, പി.എസ്. നരസിംഹ, അരുൺ പല്ലി, ഹൈകോടതി ചീഫ് ജസ്റ്റിസ് പുഷ്പേന്ദ്ര സിങ് ഭാട്ടി, അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി, ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന തുടങ്ങിയവർ പങ്കെടുത്തു. 

Tags:    
News Summary - CJI Surya Kant Inaugurates Ladakh HC Bench, Assures All Matters From Region Will Be Listed On Single Day In Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.