റമദാനിൽ ഫാഷൻ ഷോ നടത്തിയത് അപലപനീയം; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ഉമർ അബ്ദുല്ല

ശ്രീനഗർ: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ നടന്ന വിവാദ ഫാഷൻ ഷോയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ഉമർ അബ്ദുല്ല. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. റമദാൻ മാസത്തിൽ ഫാഷൻ ഷോ നടത്തിയതിനെ അപലപിച്ച മുഖ്യമന്ത്രി, സമൂഹത്തിന്‍റെ വികാരത്തെ വ്രണപ്പെടുത്തുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടി.

റമദാൻ അടക്കം ഒരിക്കലും നടത്താൻ പാടില്ലാത്ത കാര്യമാണിത്. സ്വകാര്യ പാർട്ടി മുൻകൂർ അനുമതി വാങ്ങാതെയാണ് ഫാഷൻ ഷോ സംഘടിപ്പിച്ചത്. പരിപാടി നടത്തിയതിൽ സർക്കാറിന് പങ്കില്ല. നിയമലംഘന പ്രവർത്തനം ഒരിക്കലും അനുവദിക്കാൻ സാധിക്കില്ലെന്നും ഉമർ ഫാറൂഖ് വ്യക്തമാക്കി.

ഫാഷൻ വ്യവസായത്തിലെ 15-ാം വാർഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി മാർച്ച് ഏഴിനാണ് ഡിസൈനർ ജോഡികളായ ശിവൻ ആൻഡ് നരേഷ് ജമ്മു കശ്മീരിലെ ഗുൽമാർഗിൽ ഫാഷൻ ഷോ സംഘടിപ്പിച്ചത്. ഡിസൈനർ വസ്ത്രങ്ങൾ ധരിച്ച് ഗുൽമാർഗിലെ മഞ്ഞുമൂടിയ പ്രദേശത്തായിരുന്നു നാലു ദിവസം നീണ്ട ഫാഷൻ ഷോ.

പുണ്യമാസമായ റമദാനിൽ നടന്ന ഫാഷൻ ഷോ ജമ്മു കശ്മീരിൽ വലിയ വിവാദത്തിനാണ് വഴിവെച്ചത്. റമദാനിൽ ഫാഷൻ ഷോ നടത്തിയത് അനാദരവാണെന്ന് ചൂണ്ടിക്കാട്ടി മത-രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. ഫാഷൻ ഷോക്കെതിരെ വ്യാപക വിമർശനമാണ് സമൂഹമാധ്യമങ്ങളിലും ഉയരുന്നത്.

ഫാഷൻ ഷോക്കെതിരെ രൂക്ഷ വിമർശനമാണ് ജമ്മു കശ്മീർ അവാമി ഇതിഹാദ് പാർട്ടി എം.എൽ.എ ഖുർഷിദ് അഹമ്മദ് ശൈഖ് നടത്തിയത്. സംസ്ഥാനത്തിന്‍റെ സംസ്കാരത്തിന് നേരെ നടക്കുന്ന ആക്രമണമാണെന്ന് അഹമ്മദ് ശൈഖ് ആരോപിച്ചു.

റമദാൻ മാസത്തിൽ ഇത്തരം പരിപാടി സംഘടിപ്പിക്കുന്ന അപമാനകരമാണ്. സംഭവത്തിൽ അപലപിക്കുന്നതായും മുഖ്യമന്ത്രി ശക്തമായ നടപടി സ്വീകരിക്കണമെന്നും അഹമ്മദ് ശൈഖ് ആവശ്യപ്പെട്ടു.

സൂഫിവര്യന്മാരുടെ സ്ഥലമായ ജമ്മു കശ്മീരിൽ ഒരു കാരണവശാലും നടക്കാൻ പാടില്ലാത്ത കാര്യമാണിതെന്ന് ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് എം.എൽ.എ തൻവീർ സാദിഖ് ചൂണ്ടിക്കാട്ടി. അർധനഗ്ന ഷോകൾ അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രി വേണ്ട നടപടി സ്വീകരിക്കണമെന്നും തൻവീർ സാദിഖ് ആവശ്യപ്പെട്ടു.

Tags:    
News Summary - Jammu and Kashmir CM Omar Abdullah orders inquiry into fashion show in Gulmarg, calls it offensive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.