'കശ്മീരികളെ ജയിലിലടക്കാനാണോ കോൺഗ്രസ് ആഗ്രഹിക്കുന്നത്?'; വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി ഉമർ അബ്ദുല്ല
ശ്രീനഗർ: ജമ്മു കശ്മീരിൽ വന്ദേമാതരം മുഴുവനായി ആലപിക്കുന്നത് നിയമപരമായ ബാധ്യതയാണെന്ന് മുഖ്യമന്ത്രി ഉമർ അബ്ദുല്ല. വന്ദേമാതരം പൂർണമായി പാടുന്നത് തടയാൻ ആവശ്യപ്പെടുന്ന കോൺഗ്രസ്, കശ്മീരികൾ ജയിലിൽ പോകണമെന്നാണോ ആഗ്രഹിക്കുന്നതെന്ന് ഉമർ അബ്ദുല്ല രൂക്ഷമായി ചോദിച്ചു. ശ്രീനഗറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീർ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ വാക്പോര് മുറുകിയതിനിടെയാണ് ഉമർ അബ്ദുല്ലയുടെ പ്രതികരണം.
രാജ്യത്ത് എവിടെയായാലും ദേശീയഗാനത്തോടൊപ്പം വന്ദേമാതരം പൂർണമായി ആലപിക്കുന്നത് നിയമപരമായി നിർബന്ധമുള്ള കാര്യമാണെന്ന് ഉമർ വ്യക്തമാക്കി. "ഇത് ജമ്മു കശ്മീരിന് മാത്രം ബാധകമായ ഒന്നല്ല, മറിച്ച് രാജ്യത്തുടനീളമുള്ളതാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാർ ചടങ്ങുകളിലും ഇത് തന്നെയാണ് നടക്കുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ രണ്ട് വരികൾ മാത്രം പാടണമെന്ന നിലപാടിൽ ഇന്ത്യാ മുന്നണിക്കൊപ്പം നിൽക്കണമെന്നും, സ്വാതന്ത്ര്യ സമര സേനാനികളുടെ നിലപാടുകളെ മാനിക്കണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് മറുപടിയായി കോൺഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡിയും ഡി.കെ ശിവകുമാറും വന്ദേമാതരം പൂർണമായി ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ എൻ.സി നേതാക്കൾ പുറത്തുവിട്ടു.
വന്ദേമാതരം പൂർണമായി പാടണമെന്ന നിയമം കൊണ്ടുവന്നത് പാർലമെന്റാണെന്നും, കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്ന് ഈ നിയമം റദ്ദാക്കുമെന്നാണ് താൻ പ്രാർത്ഥിക്കുന്നതെന്നും ഉമർ പറഞ്ഞു. തങ്ങളുടെ പാർട്ടി വന്ദേമാതരം ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും എന്നാൽ നിലവിൽ തങ്ങൾക്ക് നിയമപരമായ ബാധ്യതകൾ പാലിച്ചേ തീരൂവെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.